ട്രെയിന്‍ തടയല്‍ സമരം പ്രഖ്യാപിച്ച്‌ കര്‍ഷക സംഘടനകള്‍. ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും നിയമം പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് കര്‍ഷക മോര്‍ച്ചയുടെ തീരുമാനം. ഫെബ്രുവരി 18 നാണ് സമരം രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നിയമം പിന്‍വലിക്കില്ലെന്ന സൂചന നല്‍കിയതോടെ പ്രക്ഷോഭം ശക്തമാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് കര്‍ഷക മോര്‍ച്ച അറിയിച്ചു.

ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 4 വരെയാണ് ട്രെയിന്‍ തടയല്‍. രാജസ്ഥാന്‍ അടക്കം ഉള്ള സംസ്ഥാനങ്ങളില്‍ ടോള്‍ പിരിവ് തടയാനും കര്‍ഷക മോര്‍ച്ച തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 12 മുതല്‍ ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

സമരകേന്ദ്രങ്ങളില്‍ വൈദ്യുതി, വെള്ളം തൂടങ്ങിയവ പുനസ്ഥാപിക്കണം എന്ന കര്‍ഷക സംഘടനകളുടെ അഭ്യര്‍ത്ഥന റവന്യൂ അധികാരികള്‍ വീണ്ടും തള്ളി. പൊലീസ് എതിര്‍പ്പില്ല എന്ന് അറിയിക്കും വരെ തീരുമാനം പുനഃപരിശോധിക്കാനാവില്ല എന്നാണ് റവന്യു അധികാരികളുടെ നിലപാട്.

അതിനിടെ ചര്‍ച്ച പുനഃരാരംഭിക്കാന്‍ തയാറാകണമെന്ന് കര്‍ഷകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.