ദില്ലി: ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഓസ്ട്രേലിയ. ലഡാക്കില്‍ ചൈനീസ് പ്രകോപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലബാര്‍ നാവികാഭ്യാസത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ച്‌ ഓസ്ട്രേലിയ. മലബാര്‍ നാവികാഭ്യാസത്തിലേയ്ക്ക് ഓസ്ട്രേലിയയെ കൂടി ഉള്‍പ്പെടുത്താന്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച ഓസ്‌ട്രേലിയ നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോള്‍.

ഇന്ത്യന്‍ മഹാസമുദ്രത്തിലേയ്ക്കുള്ള ചൈനീസ് സാന്നിദ്ധ്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ക്വാഡ് സഖ്യത്തില്‍ ഓസ്ട്രേലിയെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. മലബാര്‍ നാവികാഭ്യാസത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹം നേരത്തെ തന്നെ ഓസ്ട്രേലിയ പ്രകടിപ്പിച്ചിരുന്നു.

2017 മുതലാണ് ഈ നാല് രാജ്യങ്ങളും ഔദ്യോഗികമായി സഹകരണം വര്‍ദ്ധിപ്പിച്ച്‌ തുടങ്ങിയത്. നിലവില്‍ ന്യൂസിലാന്‍ഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായും ഇന്ത്യ ക്വാഡ് സഖ്യം ശക്തമാക്കുന്നുണ്ട്. പരസ്പരം സൈനിക താവളങ്ങള്‍ ഉപയോഗിക്കുവാനുള്ള ലോജിസ്റ്റിക് ഉടമ്ബടി കരാറില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ധാരണയായിരുന്നു.