മുന്നണിമാറ്റം സംബന്ധിച്ച്‌ മാണി സി കാപ്പന്‍ നടത്തിയ പരമാര്‍ശത്തിനെതിരെ മന്ത്രി എ കെ ശശീന്ദ്രന്‍. മുന്നണി മാറ്റം സംബന്ധിച്ച്‌ പാര്‍ടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ മാത്രമാണെന്നും എ കെ ശശീന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.എല്‍ഡിഎഫുമായി ബന്ധം വിശ്ചേദിക്കേണ്ട ഒരു രാഷ്ട്രീയ സാഹചര്യവും കേരളത്തിലോ ദേശിയ തലത്തിലോ ഇല്ലെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോകുമെന്ന് താന്‍ കരുതുന്നില്ല.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്‌ക്കൊപ്പം മാണി സി കാപ്പന്‍ ഞായറാഴ്ച ചേരുമെന്ന പ്രചാരണം നടക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് ഇതോക്കെ കേട്ടു കേള്‍വിമാത്രമാണെന്നായിരുന്നു എ കെ ശശീന്ദ്രന്റെ മറുപടി.
ഇവിടെ വിഷയം എന്‍സിപി യുഡിഎഫില്‍ ചേരുമോ ഇല്ലയോ എന്നാണ്. മുന്നണി മാറ്റം സംബന്ധിച്ച്‌ സംസ്ഥാന തല നേതൃ യോഗമോ ദേശീയ തല നേതൃയോഗമോ ഇതുവരെ നടന്നിട്ടില്ല.ചര്‍ച്ച പോലും നടക്കാതെ കേള്‍ക്കുന്ന കാര്യങ്ങളുടെ പുറകെ പോകാന്‍ താന്‍ ഒരുക്കമല്ല. അതിന്റെ ആവശ്യമില്ല. കാരണം താനും ചര്‍ച്ചയില്‍ പങ്കെടുക്കേണ്ട ആളാണ്. മൂന്നണി മാറ്റത്തിന് ആലോചനയുണ്ടെങ്കില്‍ അത് താനും കൂടി പങ്കെടുക്കന്ന യോഗത്തിലാണ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.തന്നെ ഒഴിവാക്കി ചര്‍ച്ച നടത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും അതിനുള്ള സാഹചര്യം പാര്‍ട്ടിയില്‍ ഇല്ലെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ താന്‍ ദേശിയ നേതൃത്വത്തിന് പരാതിയൊന്നും നല്‍കിട്ടില്ല. പക്ഷേ ഇക്കാര്യം താന്‍ ദേശിയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി ശശീന്ദ്രന്‍ പറഞ്ഞു.സീറ്റ് സംബന്ധിച്ച്‌ പാര്‍ടിയുടെ അഖിലേന്ത്യ നേതാവായ പ്രഫുല്‍ പട്ടേലും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ചര്‍ച നടത്തി. ഇതിലെ തീരുമാനമെന്താണെന്ന വിവരം പ്രഫുല്‍ പട്ടേല്‍ തന്നോട് പറഞ്ഞിട്ടില്ലെന്നും. ചോദ്യത്തിന് മറുപടിയായി ശശീന്ദ്രന്‍ പറഞ്ഞു.

എല്ലാ കക്ഷികളും സീറ്റു വിട്ടുകൊടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് പൊതുവായ അഭിപ്രായമാണ് അതില്‍ വിഷമിക്കേണ്ട കാര്യമില്ല. പുതിയ രണ്ടു കക്ഷികള്‍ വരുമ്ബോള്‍ വിട്ടു വീഴ്ചകള്‍ വേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞതില്‍ അല്‍ഭുതപ്പെടേണ്ട കാര്യമില്ലെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ഏത് സീറ്റ് ഉണ്ട് എത് സീറ്റില്ല എന്നൊക്കെ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമെ പറയാന്‍ കഴിയുവെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ നിലപാട് അദ്ദേഹം ദേശിയ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടാകും അത് വെച്ച്‌ ചര്‍ച്ച നടന്നിട്ടില്ലെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.