ഫെബ്രുവരി മാസത്തില്‍ 23.75 മില്യണ്‍ വാസ്‌കസിന്‍ ഡോസുകള്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റിയയ്ക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കരാര്‍ അടിസ്ഥാനത്തില്‍ 25 രാജ്യങ്ങളിലേയ്ക്കായി വാക്‌സിന്‍ കയറ്റി അയയ്ക്കാനാണ് തീരുമാനം. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് ഇത് സംബന്ധിച്ച്‌ അനുമതി നല്‍കിയിരിക്കുന്നത്.

ഇന്ത്യ ഇതുവരെ 20 രാജ്യങ്ങളിലേയ്ക്കായി 16.7 മില്യണ്‍ വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തിരിക്കുന്നത്. ഇതില്‍ 6.3 മില്യണ്‍ ഡോസുകള്‍ കൊറോണ പ്രതിരോധ സഹായങ്ങള്‍ക്കായും 10.5 മില്യണ്‍ ഡോസുകള്‍ കരാര്‍ അടിസ്ഥാനത്തിലുമാണ് നല്‍കിയിരിക്കുന്നത്. ബംഗ്ലാദേശ്, മ്യന്മര്‍, ഭൂട്ടാന്‍, നേപ്പാള്‍, അഫ്ഗാനിസ്താന്‍, ശ്രീലങ്ക, ബഹ്‌റിന്‍, ഒമാന്‍, ബാര്‍ബഡോസ്, ഡൊമിനിക്ക ഉള്‍പ്പെടെ 13 രാജ്യങ്ങള്‍ക്കാണ് കൊറോണ പ്രതിരോധ സഹായങ്ങള്‍ക്ക് വേണ്ടി ഇന്ത്യ വാക്‌സിന്‍ വിതരണം ചെയ്തത്.