ട്രൂ സോള്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രൂപേഷ് കുമാര്‍ നിര്‍മിച്ച ‘വീ ‘ എന്ന തമിഴ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. തമിഴ് നാട്ടില്‍ 160 ഓളം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത് മികച്ച പ്രദര്‍ശന വിജയം നേടിയ ചിത്രമാണ് കേരളക്കരയെ ഇളക്കിമറയ്ക്കാനെത്തുന്നത്. ഡാവിഞ്ചി ശരവണന്‍ രചനയും സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍. കെ. ചാമിയാണ് നടത്തിയത്. ധാരപുരം, കൊച്ചി, അട്ടപ്പാടി, എന്നീ ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം നടത്തിയിരിക്കുന്നത്. പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്തുന്ന ഒരു മിസ്റ്ററി സസ്‌പെന്‍സ് ത്രില്ലര്‍ ആണ് ‘വീ ‘ എന്നാണ് വിലയിരുത്തല്‍.

വീക്കെന്റ് അടിച്ച്‌ പൊളിക്കുന്നതിനായി 5 ആണുങ്ങളും 5 പെണ്‍കുട്ടികളും അടങ്ങുന്ന ഒരു സംഘം ബാംഗ്ലൂര്‍ നിന്നും യാത്ര പുറപ്പെടുന്നു. പ്രണയവും തമാശകളും ഒക്കെ ആയി യാത്ര തുടരുന്നതിനിടയില്‍ അതിലൊരാള്‍ പുതിയതായി വന്ന ഒരു ‘ആപ്പി’ നെ കുറിച്ച്‌ പറയുന്നു, ജനന തീയതി നല്‍കിയാല്‍ മരണ തീയതി അറിയാന്‍ കഴിയും എന്നതായിരുന്നു ആ അപ്പിന്റെ പ്രത്യേകത. ഇത് സത്യമാണോ എന്നറിയാന്‍ അവര്‍ക്ക് അറിയുന്ന മരിച്ചു പോയ ചിലരുടെ ജനന തീയതി നല്‍കി പരിശോധിക്കുന്നു. അപ്പിന്റെ പ്രവര്‍ത്തനത്തില്‍ കൗതുകം തോന്നിയ അവര്‍ യാത്രയിലുള്ള പത്ത് പേരുടെയും ജനന തീയതി നല്‍കിയപ്പോള്‍ വന്ന അവരുടെ മരണ തീയതി അവര്‍ യാത്ര ചെയ്യുന്ന അതേ ദിവസത്തെ തീയതി ആയിരുന്നു. പിന്നീട് അവര്‍ ഉല്‍ക്കട്ടിലുള്ള ഒരു റിസോര്‍ട്ടില്‍ എത്തപെടുന്നു. തുടര്‍ന്ന് പകലും രാത്രിയുമായി ഉദ്വേഗജനകവും ഭയപ്പെടുത്തുന്നതും ആയ അവസ്ഥകളിലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന ആ സംഘത്തിന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുടെ കഥയാണ് ‘ വീ ‘ എന്ന തമിഴ് സിനിമ പറയുന്നത്

പ്രമേയത്തിലെ പുതുമ കണ്ടാണ് ചിത്രം നിര്‍മിക്കാന്‍ തയ്യാറായതെന്നാണ് ട്രൂ സോള്‍ പിക്‌ചേഴ് സിന്റെ ഉടമ രൂപേഷ് കുമാര്‍ പറയുന്നത്. ബാംഗ്ലൂരില്‍ കുടുംബസമേതം താമസിക്കുന്ന എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയര്‍ ആയ രൂപേഷ് കുമാര്‍ പാലക്കാട്, കൊല്ലങ്കോട് സ്വദേശിയാണ്. വ്യത്യസ്ത പ്രമേങ്ങള്‍ കണ്ടെത്തി സിനിമ ആക്കുക എന്ന ആഗ്രഹത്തോടെയാണ് ട്രൂസോള്‍ പിക്‌ചേഴ്‌സ് എന്ന നിര്‍മാണ – വിതരണ കമ്ബനിക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് രൂപേഷ് കുമാര്‍ പറയുന്നു.

ഇളങ്കോ കലൈവാണന്‍ സംഗീതം ചെയ്ത ചിത്രത്തില്‍ രാഘവ്, ലതിയ, സബിത ആനന്ദ്, ദേവസൂര്യ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.