കൊച്ചി | കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിയമസഭയിലുണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട കേസ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ മന്ത്രിമാരായ കെ ടി ജലീലും ഇ പി ജയരാജനും നാളെ വിചാരണ കോടതിയില്‍ ഹാജരാകണം.അന്നത്തെ എം എല്‍ എമാരായ ഇവര്‍ക്കെതിരെ പൊതു മുതല്‍ നശിപ്പിച്ചതിന് കേസെടുത്തിരുന്നു.

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇവര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ കേസ് റദ്ദാക്കാനാകില്ലെന്നും വിചാരണ നടപടികള്‍ തുടരണമെന്നും ഒക്ടോബര്‍ 28ന് എം എല്‍ എമാരും മന്ത്രിമാരും കോടതിയില്‍ ഹാജരാകണമെന്നുമുള്ള നിര്‍ദേശമാണ് വിചാരണ കോടതി മുന്നോട്ടു വച്ചത്. ഇതേ തുടര്‍ന്ന് വിചാരണ കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു.