മൂവാറ്റുപുഴ: ആരോഗ്യപ്രവര്‍ത്തക കോവിഡ് ബാധിച്ച്‌ മരിച്ചു. കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ ആയിരുന്ന
ആരോഗ്യപ്രവര്‍ത്തക സുലോചന ആണ് മരിച്ചത്. 52 വയസ് ആയിരുന്നു. ആവോലി പഞ്ചായത്ത് അംഗം രണ്ടാര്‍ കോട്ടപ്പുറത്ത് കെ കെ ശശിയുടെ ഭാര്യയാണ്.

കോവിഡ് അസുഖ ബാധിതയായതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നു ഇവര്‍. ഇതിനിടയിലാണ് ഇന്ന് രാവിലെ ഇവര്‍ മരിച്ചത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ആര്‍ ബി എസ് കെ നഴ്സ് ആയി സേവനം അനുഷ്ഠിച്ച്‌ വരികയായിരുന്നു.

എറണാകുളം മലയിടം തുരുത്ത് സ്വദേശിയാണ് പരേത. സംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ പെരുമ്പവൂര്‍ പൊതു ശ്മശാനത്തില്‍ നടന്നു. അതേസമയം, സംസ്ഥാനത്ത് ഇന്ന് 5980 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എറണാകുളം 811, കൊല്ലം 689, കോഴിക്കോട് 652, കോട്ടയം 575, പത്തനംതിട്ട 571, തൃശൂര്‍ 540, തിരുവനന്തപുരം 455, മലപ്പുറം 421, ആലപ്പുഴ 411, കണ്ണൂര്‍ 213, വയനാട് 201, പാലക്കാട് 191, ഇടുക്കി 179, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 69 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,02,94,203 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3920 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5457 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 386 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 748, കൊല്ലം 677, കോഴിക്കോട് 622, കോട്ടയം 535, പത്തനംതിട്ട 514, തൃശൂര്‍ 524, തിരുവനന്തപുരം 320, മലപ്പുറം 395, ആലപ്പുഴ 405, കണ്ണൂര്‍ 188, വയനാട് 195, പാലക്കാട് 109, ഇടുക്കി 163, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.