തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5980 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 5745 പേര്‍ രോഗമുക്തരായി. 18 പേരുടെ മരണം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5457 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 386 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗബാധ സ്ഥിരീകരിച്ചവരില്‍ 41 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്ബിളുകളാണ് പരിശോധിച്ചത്. നിലവില്‍ 64346 പേരാണ് സംസ്ഥാനത്ത് ചികിസ്തയിലുള്ളത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 69 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത് എറണാകുളത്ത്; കുറവ് കാസര്‍ഗോട്ട്

ജനുവരി അവസാനം കോവിഡ് കേസുകളുടെ എണ്ണം കൂടുതലായിരുന്ന അവസ്ഥയില്‍ മാറ്റം വന്നതായി മുഖ്യമന്ത്രി പറഞ്ഞു. “ഒക്ടോബറിലുണ്ടായ പീക്ക് കഴിഞ്ഞാല്‍ ഈ അടുത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരേസമയം ചികിത്സയിലുണ്ടായിരുന്നത് ജനുവരി 24നായിരുന്നു. അന്ന് 72891 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. അതില്‍ നിന്നും രോഗികളുടെ എണ്ണം ഫെബ്രുവരി 7 ആയപ്പോഴേക്കും 67650 ആയി കുറഞ്ഞു.കേസുകള്‍ കുറഞ്ഞു വരുന്ന പ്രവണതയാണ് കാണുന്നത്. എന്നാലും സ്ഥിതി ഗൗരവമുള്ളതാണ്,” അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മാത്രം രോഗവ്യാപനമെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി

രാജ്യത്ത് നിലവില്‍ കേരളത്തില്‍ മാത്രമാണ് കോവിഡ് രോഗവ്യാപനമെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രോഗവ്യാപനമുണ്ടായാല്‍ അത് കാരണമുള്ള മരണങ്ങളും ആശുപത്രി ചികിസ്തയും വര്‍ധിക്കുന്ന സാഹചര്യമുണ്ടാവും. അതിനാല്‍ രോഗവ്യാപനം കഴിവിന്റെ പരമാവധി കുറയ്ക്കുക എന്ന നിലപാടാണ് ആരോഗ്യ കാര്യത്തില്‍ മുന്‍പന്തിയിലുള്ള മിക്ക പ്രദേശങ്ങളും സ്വീകരിച്ചിട്ടുള്ളത്. പല സ്ഥലങ്ങളിലും രോഗം പെട്ടെന്ന് കടന്നുപോവുന്നതുകൊണ്ട് ഗുണമുണ്ടാകുമെന്ന് കരുതി രോഗം തടയാന്‍ ശ്രമിക്കാതിരുന്നതിനാല്‍ അതിന്റെ തിക്ത ഫലങ്ങള്‍ നേരിടേണ്ടി വന്ന അനുഭവം മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

“മറ്റൊരു പ്രധാനകാര്യം, ഐസിഎംആര്‍ പഠന ഫലങ്ങളാണ്. ഒരു സമൂഹത്തില്‍ അസുഖം വന്നു മാറിിയവരുടെ എണ്ണം കണക്കാക്കുന്നതാണ് പഠനം. ഈ പഠനം ഡിസംബറില്‍ നടത്തിയിരുന്നു. 2020 ഡിസംബറിലെ സര്‍വേ ഫലം പറയുന്നത് രാജ്യമൊട്ടാകെ ആയിരത്തില്‍ 220 പേര്‍ക്ക് രോഗം വന്നു പോയി എന്നാണ്. എന്നാല്‍ കേരളത്തില്‍ 116 പേര്‍ക്കാണ് കോവിഡ് വന്നു പോയത്. ദേശീയ ശരാശരിയുടെ ഏകദേശം പകുതി ആളുകള്‍ക്ക് മാത്രമാണ് കേരളത്തില്‍ രോഗം വന്നതെന്നാണ് ആ സര്‍വേ ഫലം കാണിക്കുന്നത്. ഈ സര്‍വേ പ്രകാരം ഏറ്റവും കുറവ് രോഗവ്യാപനമുണ്ടായത് ഐസിഎംആര്‍ കേരളത്തില്‍ പഠനം നടത്തിയ ജില്ലകളാണ്. രാജ്യത്തെ മറ്റിടങ്ങളോട് താരതമ്യം ചെയ്യുമ്ബോള്‍ കേരളത്തിലാണ് കുറഞ്ഞ രോഗവ്യാപനമെന്ന് കാണാം. ” മുഖ്യമന്ത്രി പറഞ്ഞു.

കുറഞ്ഞ രോഗവ്യാപനമുള്ളിടത്തുനിന്ന് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംസ്ഥാനത്ത് രോഗനിര്‍ണയ സംവിധാനങ്ങളിലുള്ള മികവാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചു; പോസിറ്റീവ് കേസുകളില്‍ ആനുപാതിക വര്‍ധനവില്ലെന്ന് മുഖ്യമന്ത്രി

ടെസ്റ്റുകള്‍ സംസ്ഥാനത്ത് വര്‍ധിപ്പിച്ചതായും എന്നാല്‍ ആനുപാതികമായി കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ” ഒരു ദിവസം 90,000 ടെസ്റ്റുകള്‍ വരെ ചെയ്യുന്ന ചില ദിവസങ്ങളുണ്ടായിരുന്നു. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നേരത്തെ ഏതാണ്ട് 24 ശതമാനമായിരുന്നു. ഇപ്പോള്‍ പല ജില്ലകളിലും ഇതിനോടകം 45 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. എങ്കിലും ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി ഉയര്‍ത്താനും അതില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് 75 ശതമാനത്തിലേക്കുയര്‍ത്താനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഓരോ ജില്ലയിലും പുരോഗമിക്കുന്നുണ്ട്. കലക്ടര്‍മാരുടെ നേതൃത്വത്തി കോവിഡ് വാര്യേഴ്സിനെ നിയോഗിച്ചിട്ടുണ്ട്.”

“ടെസ്റ്റുകളുടെ എണ്ണം ഉയര്‍ന്നെങ്കിലും അതിന് ആനുപാതികമായി കൂടുതല്‍ പോസിറ്റീവ് കേസുകള്‍ കാണുന്നില്ല. വിട്ടുപോയേക്കാവുന്ന ചില കേസുകള്‍ കൂടി കണ്ടെത്താന്‍ പുതിയ ടെസ്റ്റിങ് സ്ട്രാറ്റജി സഹയാക്കുമെന്നാണ് കരുതുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,02,94,203 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം 811,
കൊല്ലം 689,
കോഴിക്കോട് 652,
കോട്ടയം 575,
പത്തനംതിട്ട 571,
തൃശൂര്‍ 540,
തിരുവനന്തപുരം 455
മലപ്പുറം 421
ആലപ്പുഴ 411,
കണ്ണൂര്‍ 213,
വയനാട് 201,
പാലക്കാട് 191,
ഇടുക്കി 179,
കാസര്‍ഗോഡ് 71
5457 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5457 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 386 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 748, കൊല്ലം 677, കോഴിക്കോട് 622, കോട്ടയം 535, പത്തനംതിട്ട 514, തൃശൂര്‍ 524, തിരുവനന്തപുരം 320, മലപ്പുറം 395, ആലപ്പുഴ 405, കണ്ണൂര്‍ 188, വയനാട് 195, പാലക്കാട് 109, ഇടുക്കി 163, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 8, തിരുവനന്തപുരം, കോഴിക്കോട് 6 വീതം, കണ്ണൂര്‍ 5, കൊല്ലം 4, തൃശൂര്‍, പാലക്കാട് 3 വീതം, എറണാകുളം, വയനാട് 2 വീതം, ഇടുക്കി, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

5745 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 354, കൊല്ലം 738, പത്തനംതിട്ട 417, ആലപ്പുഴ 394, കോട്ടയം 234, ഇടുക്കി 385, എറണാകുളം 766, തൃശൂര്‍ 440, പാലക്കാട് 196, മലപ്പുറം 318, കോഴിക്കോട് 829, വയനാട് 315, കണ്ണൂര്‍ 277, കാസര്‍ഗോഡ് 82 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,346 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 9,14,847 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

2,34,767 പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,34,767 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,24,378 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,389 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1178 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

11 ഹോട്ട്സ്പോട്ടുകള്‍

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 459 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

.