2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങള്‍ക്കുള്ള പാക്കേജ് ടിക്കറ്റ് വില്‍പ്പന യുഎഇയിലും തുടങ്ങി. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എക്‌സ്പാറ്റ് സ്‌പോര്‍ട് ടൂറിസം എന്ന സ്ഥാപനമാണ് ടിക്കറ്റ് വില്‍പ്പന നടത്താന്‍ ചുമതലയുള്ള ‘മാച്ച് ഹോസ്പിറ്റാലിറ്റി’യുടെ യുഎഇയിലെ ഏക സെയില്‍സ് ഏജന്റായി പ്രവര്‍ത്തിക്കുന്നത്. 2009ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ സ്‌പോര്‍ട്‌സ് സ്ഥാപനം ഗള്‍ഫ് മേഖലയിലെ തന്നെ മുന്‍നിര സ്‌പോര്‍ട്‌സ് ടൂറിസം സ്‌പെഷ്യലിസ്റ്റും സ്‌പോണ്‍സര്‍ഷിപ്പ് കമ്പനിയുമാണ്.
ചെറിയ പാക്കേജിന് 3650 ദിര്‍ഹം
ഏറ്റവും ഉയര്‍ന്ന പേള്‍ ലോഞ്ച് മുതല്‍ താഴെക്കിടയിലുള്ള മാച്ച് ക്ലബ് ടിക്കറ്റുകള്‍ വരെ യുഎഇയില്‍ ലഭ്യമാണ്. അതിനിടയിലുള്ള മാച്ച് പ്രൈവറ്റ് സ്യൂട്ട്, മാച്ച് ബിസിനസ് സീറ്റ്, മാച്ച് പവലിയന്‍ തുടങ്ങിയ പാക്കേജ് ടിക്കറ്റുകളും ലഭ്യമാണ്. ഏറ്റവും ചെറിയ പാക്കേജ് ടിക്കറ്റിന്റെ നിരക്ക് 1000 ഡോളറാണ്. അതായത് 3650 ദിര്‍ഹം. ഡിസംബര്‍ 18ന് ലോകകപ്പ് ഫൈനല്‍ നടക്കുന്ന ലുസൈല്‍ സ്‌റ്റേഡിയത്തില്‍ 40 സീറ്റുുകളുള്ള സ്യൂട്ടിന് 26 ലക്ഷം ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.
ലോകകപ്പ് ഏഷ്യയില്‍ ഇത് രണ്ടാം തവണ
അറബ് ലോകത്ത് നടക്കുന്ന ആദ്യ ലോകകപ്പ് മല്‍സരം എന്ന നിലയില്‍ നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പിന് യുഎഇ ഉള്‍പ്പെടെയുള്ള ഫുട്‌ബോള്‍ കമ്പക്കാര്‍ ഏറെയുള്ള അറബ് നാടുകളില്‍ നിന്ന് കളി കാണാന്‍ പതിനായിരങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെക്കന്‍ കൊറിയയും ജപ്പാനും സംയുക്തമായി ആതിഥ്യമരുളിയ ഫിഫ ലോകകപ്പിന് ശേഷം ഇത് രണ്ടാം തവണയാണ് ലോകകപ്പ് ഒരു ഏഷ്യന്‍ രാജ്യത്ത് വന്നെത്തുന്നത്. 32 ടീമുകള്‍ ഉള്‍പ്പെടുന്ന വേള്‍ഡ് കപ്പ് എഡിഷന്റെ അവസാന മല്‍സരങ്ങളുമായിരിക്കും ഇത്. 2026ല്‍ അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന ലോകകപ്പില്‍ 48 ടീമുകളാണ് മാറ്റുരയ്ക്കുക.
ഖത്തര്‍ മത്സരം നവംബറിലും ഡിസംബറിലും
സാധാരണയായി മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായാണ് ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍ നടക്കാറ്. എന്നാല്‍ ഈ മാസങ്ങളിലെ ഖത്തറിലെ ഉയര്‍ന്ന ചൂട് പരിഗണിച്ച് 2022ലെ മല്‍സരങ്ങള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് നടക്കുക. സാധാരണ 30 മുതല്‍ 32 വരെ ദിവസം നീണ്ടുനില്‍ക്കാറുള്ള മല്‍സരങ്ങള്‍ 28 ദിവസംകൊണ്ട് തീരുമെന്നതും ഖത്തര്‍ ലോകകപ്പിന്റെ സവിശേഷതയാണ്.