ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗുണ്ടാ സംഘവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. കാസ്ഖഞ്ച മേഖലയില്‍ ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

സിന്ദ്പുര പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ദേവേന്ദ്രയാണ് കൊല്ലപ്പെട്ടത്. അനധികൃതമായി നടത്തിയ മദ്യനിര്‍മ്മാണ ശാലയില്‍ പരിശോധന നടത്താനെത്തിയതായിരുന്നു പോലീസ് സംഘം. ഇതിനിടെ അക്രമി സംഘം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും പ്രതികള്‍ക്ക് കര്‍ശ ശിക്ഷ ഉറപ്പാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ദേശീയ സുരക്ഷാ നിയമ പ്രകാരം കുറ്റാക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട കോണ്‍സ്റ്റബിള്‍ ദേവേന്ദ്രയുടെ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന് 50,000 രൂപ അടിയന്തര ധനസഹായം നല്‍കാനും അദ്ദേഹം ഉത്തരവിട്ടു.