രാജ്യത്ത് കോവിഡ് വ്യാപനം ദുര്‍ബലമാകുന്നുവെന്ന് വിലയിരുത്തല്‍. പതിനഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.
കോവിഡ് വാക്സിനേഷന്‍ പരിപാടി നാലാം ആഴ്ചയിലേക്ക് കടന്നതോടെയാണ് മരണനിരക്ക് കുറയുന്നത്. ജനുവരി 16 ന് ആദ്യ വാക്‌സിന്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് ഫെബ്രുവരി 13 മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങും.
ജനുവരി 16നാണ് രാജ്യത്ത് കോവിഡ് വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നീ വാക്സിനുകള്‍ക്കാണ് ഇന്ത്യ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്.
രാജ്യത്ത് ഇതുവരെ 60,35,660 പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി പറഞ്ഞിരുന്നു. 54,12,270 ആരോഗ്യപ്രവര്‍ത്തകരും 6,23,390 മുന്‍നിര പ്രവര്‍ത്തകരും വാക്‌സിന്‍ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.