കൊച്ചിയിലെ പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനം ചൊവ്വാഴ്ച നടക്കും. ഓട്ടോമൊബൈല്‍, കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍, പ്ലാസ്റ്റിക്, ഫാര്‍മസ്യൂട്ടിക്കല്‍, ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണമാണ് ഇവിടെ പ്രധാനമായും കേന്ദ്രീകരിക്കുക. കൂടാതെ, വ്യവസായ അനുബന്ധമായ ലോജിസ്റ്റിക്‌സ് സൗകര്യം വികസിപ്പിക്കാനും ആലോചിക്കുന്നുണ്ട്.
എഫ്.എ.സി.ടിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത 482 ഏക്കറിലാണ് പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ക്കായി കിന്‍ഫ്ര പാര്‍ക്ക് ഒരുക്കുന്നത്. ഇത്തരം വ്യവസായങ്ങള്‍ക്ക് ആവശ്യമായ പാരിസ്ഥിതിക അനുമതി പദ്ധതിക്ക് ലഭിച്ചു കഴിഞ്ഞു. നിലവില്‍, ബിപിസിഎല്ലിന് 171 ഏക്കര്‍ പാര്‍ക്കില്‍ അനുവദിച്ചു കഴിഞ്ഞു. 229 ഏക്കറാണ് മറ്റു വ്യവസായ സംരംഭങ്ങള്‍ക്ക് അനുവദിക്കുക. സംരംഭങ്ങള്‍ തുടങ്ങാനായി ഇപ്പോള്‍ തന്നെ ഇരുപതോളം അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞു.

തുറമുഖവും എയര്‍പോര്‍ട്ടും കണ്ടെയ്‌നര്‍ ടെര്‍മിനലും അടുത്തടുത്തായതിനാല്‍ വലിയ വികസന സാധ്യതകളാണ് പെട്രോ കെമിക്കല്‍ പാര്‍ക്കിനുള്ളത്. ഗെയ്ല്‍ വാതക പൈപ് ലൈന്‍ മുഖാന്തിരം കുറഞ്ഞ ചെലവില്‍ പരിസ്ഥിതി സൗഹൃദമായ ഇന്ധനം പാര്‍ക്കില്‍ ലഭ്യമാകും. പാര്‍ക്ക് പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകുന്നതോടെ 10000 പേര്‍ക്ക് നേരിട്ടും അത്ര തന്നെ ആളുകള്‍ക്ക് പരോക്ഷമായും തൊഴിലവസരം സൃഷ്ടിക്കപ്പെടും.