കെ.എം ഷാജിയുടെ വീട് നിര്‍മ്മാണത്തിലെ ക്രമക്കേട് നടന്നെന്ന് കോഴിക്കോട് കോര്‍പറേഷന്‍. വിശദമായ റിപ്പോര്‍ട്ട് കോര്‍പ്പറേഷന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി.

കെ.എം.ഷാജി എംഎല്‍എയുടെ കോഴിക്കോട്ടെ വീടിന് 1.60 കോടി മൂല്യമുണ്ടെന്ന് കോര്‍പറേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വീടിന് 5400 ചതുരശ്ര അടിയാണ് വിസ്തീര്‍ണമെന്നും 2200 ചതുരശ്ര അടിയോളം അധിക നിര്‍മാണം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കണ്ണൂര്‍ ജില്ലയിലെ വീടിന്റെ വിവരങ്ങളും ഇന്ന് ഇ.ഡിക്ക് കൈമാറിയിരുന്നു. വീട്ടിനകത്ത് കോടിക്കണക്കിന് രൂപയുടെ ഫര്‍ണ്ണിച്ചറുകളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗ്ലാസ് കൊണ്ടുണ്ടാക്കിയ ചുമര്‍, തേക്ക് കൊണ്ടുണ്ടാക്കിയ ഫര്‍ണ്ണിച്ചര്‍ ഉള്‍പ്പെടെ ഭൂരിഭാഗം വസ്തുക്കളും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതാണ്.
പ്ലസ്ടു അഴിമതി കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ ആവശ്യപ്രകാരം കോഴിക്കോട്ടെ വീട്ടില്‍പരിശോധന നടത്തിയപ്പോഴാണ് അനധികൃത നിര്‍മ്മാണം കണ്ടെത്തിയത്.