കോഴിക്കോട്: യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ച നീളുന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഒരു സമവായത്തിലെത്താന്‍ മുന്നണിക്ക് സാധിച്ചിട്ടില്ല. ലീഗ് അധിക സീറ്റ് ആവശ്യപ്പെട്ടതാണ് യുഡിഎഫില്‍ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണത്തേക്കാള്‍ ആറ് സീറ്റാണ് ലീഗ് അധികമായി ആവശ്യപ്പെടുന്നത്. 2016 ല്‍ 24 സീറ്റില്‍ ലീഗ് മത്സരിച്ചിരുന്നു. ഇത്തവണ 30 സീറ്റ് വേണമെന്നാണ് ലീഗ് നേതൃത്വം ആവശ്യപ്പെടുന്നത്. വിജയസാധ്യതയുള്ള സീറ്റുകളാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ലീഗും ന്യായീകരിക്കുന്നു. എന്നാല്‍, ലീഗ് ആവശ്യപ്പെടുന്ന സീറ്റുകള്‍ നല്‍കുമ്ബോള്‍ മുന്നണിക്കുള്ളിലെ മറ്റ് ഘടകകക്ഷികള്‍ ഇടഞ്ഞുനില്‍ക്കും. തിരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ ഘടകകക്ഷികള്‍ പരസ്യമായി അതൃപ്‌തി രേഖപ്പെടുത്തിയാല്‍ തിരിച്ചടിയാകുമെന്നാണ് മുന്നണിക്കുള്ളിലെ വിലയിരുത്തല്‍.
രാഹുല്‍ ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ നേരത്തെ നടന്ന ഉഭയകക്ഷി ചര്‍ച്ച അടക്കം പരാജയപ്പെട്ടിരുന്നു. അധിക സീറ്റ് ലഭിക്കണമെന്ന ആവശ്യത്തില്‍ ലീഗ് ഉറച്ചുനില്‍ക്കുകയാണ്. എല്‍ജെഡി, കേരള കോണ്‍ഗ്രസ് (എം) എന്നിവര്‍ മുന്നണി വിട്ടത് ചൂണ്ടിക്കാട്ടിയാണ് ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നത്.
ഉത്തരാഖണ്ഡ് ദുരന്തം: 170 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു, ആശയറ്റ് കുടുംബാംഗങ്ങള്‍
അതേസമയം, ലീഗിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടി വന്നാല്‍ കോണ്‍ഗ്രസിനെതിരായി സിപിഎം രംഗത്തെത്തും. കോണ്‍ഗ്രസ് ലീഗിന് വഴങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം നേരത്തെ രൂക്ഷമായി പരിഹസിച്ചിരുന്നു. ലീഗിന് പൂര്‍ണമായി വഴങ്ങുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതായിരുന്നു. യുഡിഎഫിന് അധികാരം നഷ്ടപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. കോണ്‍ഗ്രസും ലീഗും തമ്മിലുള്ള സീറ്റ് വ്യത്യാസം വളരെ നേരിയതായിരുന്നു. 2016 ല്‍ 87 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചത് വെറും 22 സീറ്റില്‍. എന്നാല്‍, 24 സീറ്റില്‍ മത്സരിച്ച മുസ്‌ലിം ലീഗ് 18 സീറ്റിലും വിജയിച്ചു. 2011 ല്‍ 24 സീറ്റില്‍ മത്സരിച്ച ലീഗ് 20 സീറ്റില്‍ വിജയിച്ചിരുന്നു. യുഡിഎഫില്‍ ലീഗിന് വ്യക്തമായ സ്ഥാനമുണ്ടെന്ന് ഈ കണക്കുകളില്‍ നിന്ന് വ്യക്തം.