കൊച്ചി ∙ പാലായെച്ചൊല്ലി മാണി സി.കാപ്പന്റെ ആധി നഷ്ടംവരുത്തിയതു പാർട്ടിക്കെന്ന് എൻസിപിയുടെ വിലയിരുത്തൽ. കാപ്പൻ ഇടതുമുന്നണിക്ക് ഒപ്പം ഉണ്ടാവില്ലെന്ന നിഗമനത്തിലേക്ക് എൻസിപി നേതാക്കളും അണികളും എത്തിക്കഴിഞ്ഞു. 14 നു തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന. രമേശ് ചെന്നിത്തലയുടെ ഐശ്യര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതോടെ കാപ്പന്‍ യുഡിഎഫിന്‍റെ ഭാഗമാകുമെന്നാണ് സൂചന.

തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപുതന്നെ പാലാ സീറ്റിന്റെ കാര്യത്തിൽ ആശങ്കയുയർത്തിയതു മൂലം തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി എൻസിപിയെ വിശ്വാസത്തിലെടുത്തില്ല. അവിശ്വാസത്തിന്റെ സാഹചര്യം നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുന്ന മറ്റു സീറ്റുകളെക്കൂടി ബാധിക്കുമോയെന്ന ആശങ്ക പാർട്ടി നേതാക്കൾക്കുണ്ട്. എൻസിപിക്കു ലഭിക്കുന്ന മറ്റു സീറ്റിൽ മത്സരിക്കാൻ അവസരം ലഭിക്കണമെങ്കിൽ തന്നെ സിപിഎമ്മിനു ബോധ്യമുള്ള ആളായിരിക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

2015 ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ 290 സീറ്റ് എൻസിപിക്കു മത്സരിക്കാൻ ലഭിച്ചത് ഇക്കുറി വെറും 85 ആയി ചുരുങ്ങി. അതിൽത്തന്നെ സിപിഎമ്മും മുന്നണിയിലെ മറ്റു പാർട്ടികളും റിബലുകളായി വന്നതു മൂലം യഥാർഥത്തിൽ മത്സരിച്ചതു വെറും 63 സീറ്റിൽ. 2 ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലും 4 ബ്ലോക്ക് ഡിവിഷനിലും ജയിച്ചതു മാത്രമാണു പറയാവുന്ന നേട്ടം.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ സീറ്റ് ചർച്ചകൾ പോലും ആരംഭിച്ചിട്ടില്ലെന്നിരിക്കേ, വിവാദം പാർട്ടിക്കു നഷ്ടംവരുത്തിയെന്ന് അഭിപ്രായമുള്ള നേതാക്കളുണ്ട്. സംസ്ഥാന നേതൃത്വം ഒഴിയണമെന്നു വരെ പാർട്ടിയിൽ ആവശ്യമുയർന്നിട്ടുണ്ട്.

സിപിഎമ്മിന്റെ ശരിയായ പിന്തുണയുണ്ടോ എന്ന ആശങ്ക എൻസിപി മത്സരിക്കാനൊരുങ്ങുന്ന കുട്ടനാട്, കോട്ടയ്ക്കൽ, എലത്തൂർ സീറ്റുകളിൽ മത്സരിക്കുന്നവർക്കും ഉണ്ടാകും. അതിനാൽ, സംശയങ്ങൾ പരിഹരിച്ച് എൽഡിഎഫിനോട് അടുക്കാനാണ് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവരുടെ തീരുമാനം.