രഹ്​ന ഫാത്തിമ സ്വന്തം കുട്ടികളെ കൊണ്ട്​ നഗ്​ന ശരീരത്തില്‍ ​പെയിന്‍റ്​ ചെയ്യിച്ച സംഭവം ഏറെ വിവാദം സൃഷ്​ടിച്ചിരുന്നു. രഹ്​ന ഫാത്തിമയുടെ നഗ്​നതയ്‌ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ നടന്‍ പൃഥ്വിരാജിനെതിരെയും കേസെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്​ സുപ്രീം കോടതി അഭിഭാഷക ആയ രശ്​മിത രാമചന്ദ്രന്‍. ഈ വിഷയും ചൂണ്ടിക്കാട്ടി രശ്​മിത ഫേസ്​ബുക്കിലിട്ട്​ പോസ്റ്റ്​ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുകയാണ്​.

രണ്ട്​ ദിവസം മുമ്പ്‌​ പൃഥ്വിരാജ്​ ഷര്‍ട്ട്​ ഇടാതെ ഒരു ബീച്ചില്‍ നില്‍ക്കുന്ന ഫോ​ട്ടോ ഫേസ്​ബുക്കില്‍ പോസ്റ്റ്​ ചെയ്​തതാണ്​ രശ്​മിതയുടെ പോസ്റ്റിന്​ ആധാരം. പെയിന്‍റ്​ കൊണ്ടു മറച്ച മാറിടം പൊതുവിടത്തില്‍ പ്രദര്‍ശിപ്പിച്ച രഹ്​ന ഫാത്തിമയേക്കാള്‍ പെയിന്‍റിന്‍റെ മറ പോലുമില്ലാതെ നഗ്​നത പ്രദര്‍ശിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍ കുറ്റക്കാരനാണെന്ന്​ രശ്​മിത ചൂണ്ടിക്കാട്ടുന്നു.

നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടില്‍ എന്തുകൊണ്ടാണ് പൃഥ്വിരാജിനെതിരെ കേസില്ലാത്തതെന്ന് സംശയം രഹ്​ന ഫാത്തിമ സംഭവത്തില്‍ സദാചാരം തകര്‍ന്ന സകല മനുഷ്യരും ഏജന്‍സികളും പൊലീസും ജാമ്യം നിഷേധിച്ച കോടതിയും തീര്‍ത്തു തരണമെന്നും അവര്‍ പറയുന്നു. ധനാഢ്യതയിലും ലോക പരിചയത്തിലും വന്‍ സ്വാധീനവും ആള്‍ബലവുമുള്ള ആളുകളുടെ സമ്പത്തിലും രഹ്‌ന ഫാത്തിമയേക്കാള്‍ ഒരുപാടു മുകളില്‍ നില്‍ക്കുന്ന പൃഥ്വിരാജ് ജാമ്യം കൊടുത്താല്‍ നാടു വിടാനുള്ള സാധ്യതയും ബഹുമാനപ്പെട്ട കോടതി പരിഗണിക്കണമെന്നും പോസ്റ്റിലുണ്ട്