ചെന്നൈ: അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വികെ ശശികലയുടെ വാഹനവ്യൂഹം അതിര്‍ത്തിയില്‍ പൊലിസ് തടഞ്ഞു. ബംഗളൂരുവില്‍ നാലുവര്‍ഷത്തെ ജയില്‍ ശിക്ഷയും രണ്ടാഴ്ചത്തെ കൊവിഡ് ചികിത്സയും കഴിഞ്ഞ് നൂറു വാഹനങ്ങളുടെ അകമ്ബടിയോടെ ചെന്നൈയിലേക്ക് തിരിച്ച ശശികലയെ കൃഷ്ണഗിരിയില്‍ എത്തിയ പൊലിസ് തടഞ്ഞു. അകമ്പടിയായി അഞ്ചു വാഹനങ്ങള്‍ മാത്രമേ കടത്തിവിടുകയൊള്ളു എന്നും അണ്ണാ ഡിഎംകെ പതാക ഉപയോഗിക്കാനാകില്ലെന്നും ശശികലയുടെ കാറില്‍ നിന്ന് അണ്ണാ ഡിഎംകെ പതാക അഴിച്ചു മാറ്റുകയും ചെയ്തു. ഇതോടെ അണ്ണാ ഡിഎംകെ പ്രവര്‍ത്തകന്റെ പാര്‍ട്ടി പതാകയുള്ള മറ്റൊരു കാറിലേക്ക് ശശികല മാറിക്കയറി യാത്ര തുടരുകയും തമിഴ്‌നാട്ടില്‍ പ്രവേശിക്കുകയും ചെയ്തു. അതേസമയം പൊലിസ് നിര്‍ദേശം ലംഘിച്ച്‌ വാഹനവ്യൂഹം മുന്നോട്ട് പോവുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

കൃഷ്ണഗിരിയില്‍ വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ശശികലയ്ക്ക് ഒരുക്കിയിരുന്നത്. അതിനിടെ കൃഷ്ണഗിരി ടോള്‍ ഗേറ്റിനുസമീപം രണ്ടു കാറുകള്‍ക്കു തീപിടിച്ചത് പരിഭ്രാന്തി പരത്തി. ടോള്‍ഗേറ്റിന്നു സമീപം പാര്‍ക്ക് ചെയ്തിരുന്നു സ്വീകരണ റാലിക്ക് എത്തിയ രണ്ടു കാറുകള്‍ക്കാണ് തീപിടിച്ചത്. റാലിക്കിടെ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിക്കുമ്ബോഴാണ് കാറുകളിലേക്ക് തീ പടര്‍ന്നതെന്നാണ് വിവരം.

ശശികല സന്ദര്‍ശിക്കാന്‍ സാധ്യതയുള്ള അണ്ണാ ഡിഎംകെ കേന്ദ്രങ്ങളിലെല്ലാം ഇന്ന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷയും കര്‍ശനമാക്കിയിട്ടുണ്ട്. ശശികലയെ രാജമാതാ ആയി വിശേഷിപ്പിക്കുന്ന പോസ്റ്ററുകളാണ് അനുയായികള്‍ ചെന്നൈ നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. അതിര്‍ത്തി മുതല്‍ 32 സ്ഥലങ്ങളിലാണ് ശശികലയ്ക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്ബാദനക്കേസിലെ കൂട്ടുപ്രതികളായ ഇളവരശി വിഎന്‍ സുധാകരന്‍ എന്നിവരുടെ പേരില്‍ ചെന്നൈയിലുള്ള ആറു സ്വത്തുവകകള്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. ശശികലയുടെ സഹോദര ഭാര്യയാണ് ഇളവരശി. സഹോദരിപുത്രന്‍ ടിടിവി ദിനകരന്റെ സഹോദരനാണ് സുധാകരന്‍. ശിക്ഷയുടെ ഭാഗമായി പ്രതകള്‍ക്കു 100 കോടി രൂപ വിഴ വിധിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കലക്ടര്‍ ഇളവരശിയുടെയും സുധാകരന്റയും പേരിലുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടിയത്. ജയില്‍ മോചിതയായ ഇളവരശിയും ശശികലയ്‌ക്കൊപ്പം ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.10 കോടി രൂപ പിഴ അടയക്കാത്തിതിനാല്‍ സുധാകരന്‍ ജയില്‍ മോചിതനായിട്ടില്ല.