ന്യൂദല്‍ഹി: ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ട എന്ന ട്വീറ്റ് ചെയ്തതിന്‍റെ പേരില്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഉപദേശം നല്‍കാന്‍ തുനിഞ്ഞ എന്‍സിപി നേതാവ് ശരദ് പവാറിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനം.

കര്‍ഷസമരത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച ഗ്രെറ്റ് തുന്‍ബെര്‍ഗ് എന്ന സ്വീഡന്‍ പരിസ്ഥിതി പ്രവര്‍ത്തകയെയും റിഹാന എന്ന പോപ്പ് ഗായികയെയും “ഭാരതത്തിന്‍റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ വിദേശികള്‍ ഇടപെടേണ്ട” എന്ന അര്‍ത്ഥം വരുന്ന രീതിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് ശരദ്പവാറിനെ ചൊടിപ്പിച്ചത്. സീനിയര്‍ നേതാവ് ഉടനെ സച്ചിനെ ഉപദേശിക്കുകയും ചെയ്തു: ‘ക്രിക്കറ്റല്ലാത്ത വിഷയത്തില്‍ ഇടപെടുമ്ബോള്‍ ശ്രദ്ധിക്കണം’- ഇതായിരുന്നു ശരദ്പവാറിന്‍റെ സച്ചിനോടുള്ള ഉപദേശം.

ഇതോടെ സമൂഹ മാധ്യമങ്ങളില്‍ പവാറിനെതിരെ യുവാക്കള്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തുകയാണ്. എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസും ഭരിയ്ക്കുന്ന മഹാരാഷ്ട്രയില്‍ ബിജെപിയെ അനുകൂലിച്ച്‌ സംസാരിക്കുന്നവര്‍ ഭയപ്പെടേണ്ട സ്ഥിതിവിശേഷമാണ്. ഈ ഭയം തന്നെയാണ് ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ സിഇഒ അഖിലേഷ് മിശ്ര പങ്കുവെച്ചത്: ‘ശരത് പവാറാണ് ഇപ്പോള്‍ മഹാരാഷ്ട്ര ഭരിക്കുന്നത്. അഭിപ്രായം പറയാന്‍ ഒരു സംസ്ഥാനത്തെ പൗരന് അവകാശമുണ്ടെന്നിരിക്കെ പരസ്യമായി പവാര്‍ ഭീഷണിപ്പെടുത്തുകയാണ്. ഇവിടുത്തെ മാധ്യമങ്ങളനുസരിച്ച്‌ ശരത് പവാര്‍ സ്വാതന്ത്ര്യത്തിന്‍റെ വക്താവും റിഹാനയെ വിമര്‍ശിക്കുന്നവര്‍ വില്ലന്മാരും കാര്‍ഷികപരിഷ്‌കരണം നടപ്പാക്കുന്നവര്‍ ദുഷ്ടരുമാണ്’.

സച്ചിനെ ക്രിക്കറ്റില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ ഉപദേശിക്കുന്ന പവാര്‍ തന്നെ ഒരു ക്രിക്കറ്റ് മാച്ചുപോലും കളിക്കാതെ ബിസിസിഐ മേധാവിയായി ഇരുന്നതിനെയും ചിലര്‍ പരിഹസിച്ചു. ഇത് ഒരു രാഷ്ട്രീയക്കാരന്‍ നടത്തിയ തുറന്ന ഭീഷണിയാണെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. രാജ്യത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതിന് സച്ചിനെ തുറന്ന് ഭീഷണിപ്പെടുത്തുകയാണെന്നും കമന്റുണ്ടായി.

പവാറിനെ ഫാസിസ്റ്റ് ശക്തികളുമായി താരതമ്യം ചെയ്തും ചിലര്‍ ട്വീറ്റ് ചെയ്തു. ‘ഇവിടെ വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും വേണ്ടി പ്രചാരണം നടത്തുന്ന അര്‍ബന്‍ നക്‌സലിനെയോ ഇടതു ലിബറുകളെയും എപ്പോഴെങ്കിലും മോദിയോ ഷായോ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ? ‘- ഒരു ട്വീറ്റ് ഉയര്‍ത്തിയ ചോദ്യമിതാണ്.