ന്യൂദല്‍ഹി: ഫോറിന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് അഥവാ നേരിട്ടുള്ള വിദേശ നിക്ഷേപത്തെ സൂചിപ്പിക്കാന്‍ എഫ്ഡിഐ എന്ന മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ സാധാരണ ഉപയോഗിക്കും. എന്നാല്‍ വിദേശത്തുനിന്നുള്ള രാജ്യത്തിന് ദോഷകരമായ സ്വാധീനത്തെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കാനും ഈ അക്ഷരങ്ങളാണ് മോദി ഇന്ന് രാജ്യസഭയില്‍ ഉപയോഗിച്ചത്. ‘ഫോറിന്‍ ഡിസ്ട്രക്ടീവ് ഐഡിയോളജി(എഫ്ഡിഐ)’ എന്നാണ് അദ്ദേഹം വിദേശ സ്വാധീനത്തെ വിശേഷിപ്പിച്ചത്. വിദേശത്തുനിന്നുള്ള വിനാശകരമായ ആശയം എന്ന് മലയാളത്തില്‍ പറയാം.

പോപ് താരം റിഹാന്ന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യൂന്‍ബെ തുടങ്ങിയ വിദേശ സെലിബ്രിറ്റികള്‍ ദല്‍ഹി അതിര്‍ത്തികളിലെ ഇടനിലക്കാരുടെ സമരത്തെ പിന്തുണച്ച്‌ എത്തിയ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രി യുടെ പരാമര്‍ശം. സമരക്കാരെ ചര്‍ച്ചകള്‍ക്ക് വിളിച്ചുകൊണ്ടുള്ള ക്ഷണം അദ്ദേഹം സഭയില്‍ ആവര്‍ത്തിച്ചു. ‘സിഖ് വിഭാഗത്തെക്കുറിച്ച്‌ രാജ്യത്തിന് അഭിമാനമാണുള്ളത്. രാജ്യത്തിന് വേണ്ടി സിഖുകാര്‍ എന്താണ് ചെയ്യാതിരുന്നിട്ടുള്ളത്?’- മോദി ചോദിച്ചു.

‘പുതിയ വിഭാഗം’ ആളുകളെക്കുറിച്ച്‌ ഒരാള്‍ കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ആന്ദോളന്‍ ജീവി'(സമരജീവികള്‍) എന്നാണ് പ്രധാനമന്ത്രി ഈ വിഭാഗത്തെ വിളിച്ചത്. ദല്‍ഹി അതിര്‍ത്തിയില്‍ ഇരുന്ന് പ്രതിഷേധിക്കുന്നവരോട് സമരം അവസാനിപ്പിക്കണമെന്നും മൂന്നു കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാരിനൊപ്പം ചേരണമെന്നും പ്രധാനമന്ത്രി ഇന്ന് അഭ്യര്‍ഥിച്ചു.

താങ്ങുവില സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് അദ്ദേഹം രാജ്യസഭയില്‍ ആവര്‍ത്തിച്ചു. ‘താങ്ങുവിലയുണ്ടായിരുന്നു, താങ്ങുവില ഇപ്പോഴുമുണ്ട്, താങ്ങുവില തുടരും’ എന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയത്തില്‍ രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.