അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനം ഇന്നലെ കൊച്ചിയില്‍ വെച്ച്‌ സംഘടിപ്പിച്ചിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം സന്നിഹിതരായ ചടങ്ങില്‍ പക്ഷേ സ്ത്രീ താരങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ല .

ഉദ്ഘാടന ചടങ്ങിനിടെ വേദിയുടെ അരികില്‍ അമ്മ എക്‌സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും ഇരിപ്പിടം ഇല്ലാതെ നില്‍ക്കുന്ന ഫോട്ടോ വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. അമ്മ സംഘടനക്കകത്തെ ആണ്‍കോയ്മയാണ് ഈ ഫോട്ടോ എന്ന തരത്തില്‍ വിമര്‍ശനവും വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെയുള്ള പ്രതികരണത്തിലാണ് എഡിറ്റര്‍ സൈജു ശ്രീധരന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

‘ഇവനെയൊക്കെ ചൂരലിന് തല്ലി ഓടിക്കണം’ എന്ന് കമന്‍റ് ചെയ്ത സൈജു ഇതേ ഫോട്ടോ പങ്കുവെച്ച്‌ “വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങള്‍.” എന്നും കുറിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, ജഗദീഷ്, മുകേഷ്, ഗണേഷ് കുമാര്‍, ഇടവേള ബാബു, സിദ്ധീഖ് എന്നിവരാണ് ഉദ്ഘാടന വേദിയിലുണ്ടായിരുന്നത്. ഇവരെ ഉദ്ദേശിച്ചാണ് സൈജു ശ്രീധരന്‍റെ പ്രതികരണമെന്നാണ് വ്യക്തമാകുന്നത്.