പാലക്കാട്:പാലക്കാട്ടെ ആറ് വയസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി കുട്ടിയുടെ അമ്മയായ ഷാഹിദയ്ക്ക് ബന്ധമുണ്ടെന്നാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്. ഇതോടെ മദ്രസ അദ്ധ്യാപികയായ ഷാഹിദയുടെ പശ്ചാത്തലം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.

കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെയ്ക്കും മുമ്ബ് ദൈവം രക്ഷകനായി എത്തുമെന്ന് ഷാഹിദ മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന സംശയം ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട ചില ഗ്രന്ഥനങ്ങളും മൊഴിയും പോലീസിന് ലഭിച്ചിട്ടുണ്ട്. ഷാഹിദയുടെ ഫോണില്‍ നിന്ന് അനുബന്ധ വിവരങ്ങള്‍ ശേഖരിക്കാനുളള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചു.

മകനെ ബലി നല്‍കിയതാണെന്ന് ഷാഹിദ പോലീസിന് മൊഴി നല്‍കിയിരുന്നു. തന്‍റെ മതഗ്രന്ഥത്തില്‍ സമാന രീതിയില്‍ ബലി ഉണ്ടെന്നും എന്നാല്‍ മനുഷ്യബലിക്ക് പകരം ആടിനെ ബലി നല്‍കാന്‍ അല്ലാഹു പറയും, പക്ഷേ തന്‍റെ ബലി പരാജയപ്പെട്ടെന്നും ഷാഹിദ മൊഴി നല്‍കിയിട്ടുണ്ട്. ഷാഹിദയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അയല്‍ക്കാരില്‍ ചിലര്‍ പറഞ്ഞെങ്കിലും ഇക്കാര്യം പോലീസ് അംഗീകരിച്ചിട്ടില്ല. ശനിയാഴ്ച വൈകീട്ട് ഷാഹിദ ആവശ്യപ്പെട്ട പ്രകാരം പുതിയ കത്തി വാങ്ങി നല്‍കിയതായി ഭര്‍ത്താവ് സുലൈമാന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.