ബ്രസല്‍സ്: ജനാധിപത്യ മൂല്യങ്ങള്‍ അപകടമെന്ന ചിന്തയാണ് റഷ്യയെ നയിക്കുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യ പ്രതിനിധി ജോസെപ് ബോറലാണ് റഷ്യയുടെ പൊതുനയത്തെ വിമര്‍ശിച്ചത്. വിമര്‍ശിച്ച യൂറോപ്യന്‍ യൂണിയനെതിരെ പ്രതികരണവുമായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗേ ലാവ്‌റോവ് രംഗത്തെത്തി.

സമൂഹമാദ്ധ്യമത്തിലൂടെയാണ് ബോറല്‍ കടുത്ത വിമര്‍ശനം നടത്തിയത്. ജനാധിപത്യമൂല്യങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിന് തന്നെ അപകടമാണെന്ന മട്ടിലുള്ള ഭരണമാണ് റഷ്യയിലേതെന്ന ഗുരുതരമായ ആരോപണമാണ് ബോറല്‍ നടത്തിയത്. റഷ്യയിലെ പ്രതിപക്ഷത്തെ പുടിന്‍ ഭരണകൂടം അടിച്ചമര്‍ത്തുന്നു എന്നാണ് ബോറലിന്റെ പ്രതികരണം. ‘റഷ്യ പുരോഗമനകാര്യത്തില്‍ യൂറോപ്പില്‍ നിന്നും ഏറെ അകലെയാണ്. ജനാധിപത്യ മൂല്യങ്ങള്‍ ഒരു ഭീഷണിയാണെന്ന തരത്തിലാണ് അവരുടെ സമീപനം’ ബോറല്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞയാഴ്ചയാണ് ജോസെപ് ബോറല്‍ റഷ്യ സന്ദര്‍ശിച്ചത്.മേഖലയിലെ ഭൂമിശാസ്ത്രപരമായ സഹകരണങ്ങളെപ്പറ്റിയും യൂറോപ്യന്‍ രാജ്യങ്ങളുടെ പരസ്പര ബന്ധത്തെപ്പറ്റിയും ചര്‍ച്ച നടത്താനാണ് ബോറലെത്തിയത്. ഫെബ്രുവരി നാലിനും അഞ്ചിനും ബോറല്‍ റഷ്യയിലുണ്ടായിരുന്നു. തിരികെ പോയ ശേഷമാണ് ട്വിറ്ററിലൂടെ പുടിന്‍ വിരുദ്ധ പരാമര്‍ശം നടത്തിയത്.

ബോറലിന്റെ പരാമര്‍ശം അത്ഭുതപ്പെടുത്തിയെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കിയത്. ബോറലിന് റഷ്യയുടെ സന്ദര്‍ശനത്തിന്റെ വിലയിരുത്തല്‍ നടത്താനാണ് അവസരം നല്‍കിയതെന്നും ഒരു നിയന്ത്രണവും വാര്‍ത്താ സമ്മേളനത്തില്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും ലോവറേവ് വ്യക്തമാക്കി.