ചിറ്റഗോങ്​: ഗാബ്ബയിലെ ഇന്ത്യന്‍ ജയത്തിന്‍റെ അലയൊലികള്‍ അടങ്ങും മുമ്പേ മറ്റൊരു അവിസ്​മരണീയ ടെസ്റ്റ്​ ജയം കൂടി. ബംഗ്ലദേശ്​ ഉയര്‍ത്തിയ 395 റണ്‍സിന്‍റെ വിജയലക്ഷ്യം അവസാനദിനം ഏഴുവിക്കറ്റ്​ നഷ്​ടത്തില്‍ മറികടന്ന്​ വിന്‍ഡീസ്​ തങ്ങളുടെ പ്രതാപകാലത്തെ ഓര്‍മിപ്പിക്കുന്ന ജയം സ്വന്തമാക്കി. 210 റണ്‍സുമായി പുറത്താകാതെ നിന്ന കെയ്​ല്‍ മേയേഴ്​സ്​ തന്‍റെ അ​രങ്ങേറ്റ മത്സരം ചരിത്രത്തിലെഴുതിച്ചേര്‍ത്തു. ടെസ്റ്റ്​ ക്രിക്കറ്റ്​ ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ റണ്‍ചേസും ഏഷ്യയിലെ ഏറ്റവും വലുതുമാണിത്​.

ഏഴുവിക്കറ്റ്​ ശേഷിക്കേ വിജയത്തിലേക്ക്​ 285 റണ്‍സ്​ തേടി അഞ്ചാംദിനം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനായി മേയേഴ്​സ്​ അമരത്വം ഏറ്റെടുക്കുകയായിരുന്നു. 310 പന്തുകള്‍ നേരിട്ട മേയേഴ്​സിനെ പുറത്താക്കാന്‍ ബംഗ്ല ബൗളര്‍മാര്‍ കിണഞ്ഞുശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 20 ബൗണ്ടറികളും ഏഴുസിക്​സറുകളും മേയേഴ്​സിന്‍റെ ബാറ്റില്‍ നിന്നും അതിര്‍ത്തിയെ ചുംബിക്കാനായി പറന്നു. 245 പന്തുകളില്‍ 86 റണ്‍സെടുത്ത എന്‍ക്രുമാ ബോന്നര്‍ ഒത്തകൂട്ടാളിയായി ഒരറ്റത്ത്​ പൊരുതിനിന്നു.

ഒന്നാമിന്നിങ്​സില്‍ ബംഗ്ലദേശ്​ കുറിച്ച 430 റണ്‍സിനുമുമ്ബില്‍ വിന്‍ഡീസ്​ 259 റണ്‍സിന്​ പുറത്തായിരുന്നു. രണ്ടാമിന്നിങ്​സില്‍ എട്ടുവിക്കറ്റിന്​ 223 റണ്‍സെടുത്ത ബംഗ്ലദേശ്​ വലിയ സ്​കോര്‍ ലീഡായതോടെ ഇന്നിങ്​സ്​ ഡിക്ലയര്‍ ചെയ്​ത്​ വിജയത്തിനായി പന്തെടുക്കുകയായിരുന്നു. 59 റണ്‍സിന്​ മൂന്നുവിക്കറ്റ്​ വീണ്​ പരാജയം മണത്ത വിന്‍ഡീസിനെ മേയേഴ്​സും ബോന്നറുംകൂടി ഉയര്‍ത്തിയെടുക്കുകയായിരുന്നു.

ജേസണ്‍ ഹോള്‍ഡര്‍, ഷായ്​ ഹോപ്​, റോഷ്​ട്ടണ്‍ ചേസ്​ അടക്കമുള്ള ​ടെസ്റ്റ്​ സ്​പെഷ്യലിസ്റ്റുകളില്ലാതെ ബംഗ്ലദേശിലെത്തിയ വിന്‍ഡീസിന്​ ടെസ്റ്റ്​ ജയം സ്വപ്​നസമാനമാണ്​. പരമ്ബരയിലെ രണ്ടാമത്തേതും അവസാനത്തേതുമായ മത്സരം ഫെബ്രുവരി 11മുതല്‍ ധാക്കയില്‍ അരങ്ങേറും. ട്വന്‍റി 20 പരമ്ബര ബംഗ്ലദേശ്​ 3-0ത്തിന്​ സ്വന്തമാക്കിയിരുന്നു.