കണ്ണൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ തിരൂരിലെ ലോഡ്ജില്‍ നിന്ന് കണ്ടെത്തി: ഒളിച്ചോടിയതിന് വിചിത്ര കാരണം

കണ്ണൂരില്‍ നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളേയും കണ്ടെത്തി. കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ ദൃശ്യയേയും സാനിയയേയും മലപ്പുറം തിരൂരില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇരുവര്‍ക്കുമായി പൊലീസ് വ്യാപകമായി അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെ ഇരുവരേയും കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാമ്പയനും ശക്തമായിരുന്നു.

തിരൂരിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. നവംബര്‍19 മുതലാണ് ദൃശ്യയെയും സാനിയെയും കാണാതായത്. താനൂരിലെ ഒരു ഹോട്ടലില്‍ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇവരോട് സാദൃശ്യമുള്ള രണ്ട്‌പേരം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ മേഖല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

തിങ്കളാഴ്ച പതിവ് പോലെ കോളേജില്‍ പോയ കുട്ടികള്‍ തിരികെ എത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. തിരൂരിലെ ലോഡ്ജില്‍ വെച്ചു ജീവനക്കാര്‍ ഇവരെ തിരിച്ചറിഞ്ഞതാണ് ഇരുവരെയും കണ്ടെത്താന്‍ സഹായകമായത്. ഇവിടെയെത്തിയ പാനൂര്‍ പോലീസ് ഇവരെ അനുനയിപ്പിച്ചു വീട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമം തുടങ്ങി.

പത്താം ക്ലാസ് മുതല്‍ ഒരുമിച്ചു പഠിക്കുന്ന ഇരുവരും നിലവില്‍ പാനൂരില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് പഠിക്കുകയാണ്. ഉറ്റ സുഹൃത്തുക്കളായ ഇവര്‍ ദൃശ്യയുടെ വിവാഹം തീരുമാനിച്ചതോടെയാണ് നാടുവിടാന്‍ തീരുമാനിച്ചത്. നിലവില്‍ വീട്ടിലേക്ക് തിരികെപ്പോകാന്‍ ഇരുവരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനു ശേഷമാകും തുടര്‍ നടപടികള്‍.

Leave a Reply

Your email address will not be published. Required fields are marked *