തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ യുവാവ് മഞ്ചേശ്വരത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു

തിരുവനന്തപുരം സ്വദേശി മഞ്ചേശ്വരത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണുമരിച്ചു. തിരുവനന്തപുരം കല്ലമ്പലം മണമ്പൂര്‍ പന്തടിവിള സവിത നിവാസിലെ സത്യശീലന്റെ മകന്‍ സജിത്ത് (35) ആണ് മരിച്ചത്. അഹമ്മദാബാദിലെ സ്വകാര്യ കമ്പനിയില്‍ നാലരവര്‍ഷത്തോളമായി ഓയില്‍ഫീല്‍ഡ് മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു സജിത്ത്. ഒന്നരമാസംമുമ്പാണ് അവധിയില്‍ നാട്ടിലെത്തിയത്.

അവധി കഴിഞ്ഞ് കഴിഞ്ഞ ദിവസം കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഗാന്ധിധാം എക്‌സ്പ്രസില്‍ കയറിയതായിരുന്നു. ഇന്നലെ വൈകിട്ടോടെ തീവണ്ടി മഞ്ചേശ്വരത്തെത്തിയപ്പോഴാണ് സജിത്ത് തെറിച്ചുവീണത്. മഞ്ചേശ്വരം പൊലീസും റെയില്‍വേ പൊലീസും എത്തിയാണ് മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ എത്തിച്ചത്. സജിത്തിന്റെ കൈവശമുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ച പൊലീസ് ബന്ധുക്കള്‍ക്ക് വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ ഇന്ന് രാവിലെ കാസര്‍കോട്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുത്തു. വസന്തയാണ് സജിത്തിന്റെ അമ്മ. ഭാര്യ: രഞ്ജിനി. മകന്‍: ശ്രീഹര്‍ഷ്. സഹോദരി: സവിത.

Leave a Reply

Your email address will not be published. Required fields are marked *