മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും നടി കങ്കണ റണൗത്തും തമ്മില്‍ വീണ്ടും വാക്പോര്. മുംബൈയെ പാക് അധീന കാഷ്മീരുമായി താരതമ്യപ്പെടുത്തിയ കങ്കണയുടെ പ്രസ്താവനക്കെതിരേ കഴിഞ്ഞ ദിവസം ഉദ്ധവ് രംഗത്തെത്തിയിരുന്നു. ഉദ്ധവിന്റെ ഈ വിമര്‍ശനത്തിനെതിരെയാണ് കങ്കണ തിരിച്ചടിച്ചത്.
സ്വജനപക്ഷപാതത്തിന്റെ ഏറ്റവും മോശം ഉത്പന്നമാണ് ഉദ്ധവ് താക്കറെയെന്ന് കങ്കണ പറഞ്ഞു. ശിവന്റെയും പാര്‍വതിയുടെയും വാസസ്ഥലമായിരുന്ന ഒരു സംസ്ഥാനത്തെക്കുറിച്ച് മോശമായ പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നടത്തിയിരിക്കുന്നതെന്നും കങ്കണ ആരോപിച്ചു. സ്വന്തം വീട്ടില്‍ ഉപജീവനത്തിന് മാര്‍ഗമില്ലാത്തവര്‍ മുംബൈയില്‍ വരികയും ഈ നാടിനെ ഒറ്റിക്കൊടുക്കുകയും ചെയ്യുന്നെന്ന് കങ്കണയുടെ പേരെടുത്തു പറയാതെ ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷപരാമര്‍ശവുമായി കങ്കണ രംഗത്തെത്തിയത്.
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ശിവസേന നേതാക്കളും കങ്കണയും തമ്മിലുള്ള വാക്പോര് ആരംഭിക്കുന്നത്. മുംബൈയെ പാക് അധീന കാഷ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ പരാമര്‍ശങ്ങള്‍ ഏറ്റുമുട്ടലുകള്‍ രൂക്ഷമാക്കി.