പുട്ടും കടലയുമെന്നത് കടലയും പുട്ടുമായി മാറ്റണമെന്ന് പൊതുജനാരോഗ്യവിദഗ്ധന്‍ ഡോ. ബി ഇക്ബാല്‍. അരിയാഹാരങ്ങളിലുള്ള അന്നജം കൊഴുപ്പിനു കാരണമാവുമെന്നും അതുവഴി ഹൃദയാഘാതം ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു. അതേ സമയം, കടലയിലുള്ള മാംസ്യം ശരീരത്തിന് കൂടുതല്‍ ഗുണകരമാണെന്നും അത് ഭക്ഷണത്തില്‍ കൂട്ടാന്‍ ശ്രമിക്കണമെന്നും തന്‍്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പങ്കുവച്ച പോസ്റ്റിലൂടെ അദ്ദേഹം പറയുന്നു.

ഡോ. ബി ഇക്ബാലിന്‍്റെ ഫേസ്ബുക്ക് പോസ്റ്റ്:

മലയാളികളുടെ പ്രധാനപ്പെട്ട പ്രഭാതഭക്ഷണമായ “പുട്ടും കടലയും” ആരോഗ്യകാരണങ്ങളാല്‍ “കടലയും പുട്ടുമായി” മാറ്റേണ്ടതാണ്.
നമ്മുടെ ഭക്ഷശീലങ്ങളിലുള്ള ഒരു പ്രധാന പ്രശ്നം കാര്‍ബോഹൈഡ്രേറ്റിന് (അന്നജം) അതായത് അരിയാഹാരങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നു എന്നതാണ്. ഉച്ചക്ക് ചോറ് പലപ്പോഴും ഒരു ചെറുകൂനയായിട്ടാണ് കഴിക്കുക. വിവാഹ സദ്യകളില്‍ ചോറ് ഒരു കൂമ്ബാരമായി മാറാറുണ്ട്. അന്നജം ശരീരത്തിന് തീര്‍ച്ചയായും അവശ്യമാണ്. അതേപോലെ മാംസ്യവും (പ്രോട്ടീന്‍) കൊഴുപ്പും (ഫാറ്റ്) വേണ്ടവയാണ്. നമ്മള്‍ പൊതുവേ അമിതമായി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് കഴിക്കാറ്. ഊര്‍ജ്ജാവശ്യത്തിനുള്ള കാര്‍ബോഹൈഡ്രേറ്റ് ശരീരം സ്വീകരിച്ച്‌ കഴിഞ്ഞാല്‍ ബാക്കിവരുന്നത് കൊഴുപ്പാക്കി മാറ്റി പ്രധാനമായും വയറിലേക്ക് അടിയുന്നു. അതുകൊണ്ടാണ് കുടവയറുള്ളവര്‍ കൂടുതലായി കാണുന്നത് ഇങ്ങനെ അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് പിന്നീട് ഹൃദയാഘാതത്തിനും മറ്റും കാരണമാവുന്നത്. അത് കൊണ്ട് കാര്‍ബോഹൈര്‍ഡ്രേറ്റ് കഴിവതും കുറച്ച്‌ ഭക്ഷണത്തില്‍ മാംസ്യത്തിന്റെ അളവ് കൂട്ടാന്‍ ശ്രമിക്കേണ്ടതാണ്. പുട്ടിനോടൊപ്പം കഴിക്കാറുള്ള കടല മാംസ്യത്തിന്റെ ചെലവ് കുറഞ്ഞ മികച്ച സ്രോതസ്സാണ്. അത് കൊണ്ട് പുട്ടിനേക്കാല്‍ മാംസ്യം അടങ്ങിയ കടല കൂടുതല്‍ കഴിക്കുക.

അതേ പുട്ടും കടലയുടെയും സ്ഥാനത്ത് കടലയും പുട്ടുമാവട്ടെ നമ്മുടെ പ്രഭാതഭക്ഷണം