ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കത്തിനിടെ കരസേന മേധാവി ജനറല്‍ എം.എം നരവാനെ നേപ്പാള്‍ സന്ദര്‍ശിക്കും. നവംബര്‍ നാല് മുതല്‍ ആറ് വരെ മൂന്ന് ദിവസത്തെ സന്ദര്ശനത്തിനായാവും അദ്ദേഹം നേപ്പാളിലെത്തുക. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നില നില്‍ക്കുന്നതിനിടെയാണ് കരസേന മേധാവിയുടെ സന്ദര്‍ശമെന്നത് ശ്രദ്ധേയമാണ്.
നേപ്പാള്‍ കരസേന മേധാവി ജനറല്‍ പുരണ ചന്ദ്ര താപയുമായി അദ്ദേഹം ചര്‍ച്ച നടത്തും. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചായിരിക്കും ചര്‍ച്ച. ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം നിര്‍മിച്ചതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ സൈനിക മേധാവി നേപ്പാളിലെത്തുന്നത്.
മ്യാന്മര്, മാലിദ്വീപ്, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്, അഫ്ഗാനിസ്താന്, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ഈ രാജ്യങ്ങളില്‍ ചൈന സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു നടപടി. ഇതിെന്റ ഭാഗമായി കരസേന മേധാവി മ്യാന്മര് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേപ്പാളിലേക്കുള്ള സന്ദര്‍ശനം.