പാലക്കാട്: മോഹന്‍ലാല്‍ നായകനാകുന്ന ആറാട്ട് സിനിമയുടെ രണ്ടുദിവസത്തെ ചിത്രീകരണം നടന്നത് പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു. ഇവിടെ സിനിമ ചിത്രീകരണത്തിന് നിര്‍മാണ കമ്ബനി റെയില്‍വേക്ക് നല്‍കിയത് 23.46 ലക്ഷം രൂപയാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയാണ് റെയില്‍വേ സ്റ്റേഷനുകള്‍ സിനിമാ ചിത്രീകരണത്തിന് വാടകയ്ക്ക് വിട്ടുനല്‍കുന്നത് പുനരാരംഭിക്കാന്‍ പാലക്കാട് ഡിവിഷന്‍ അധികൃതര്‍ തീരുമാനിച്ചത്.

– ആറു കോച്ചുകളാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആവശ്യപ്പെട്ടത്. ഒരു എസി ടൂ ടയര്‍, ഒരു സ്ലീപ്പര്‍ ക്ലാസ്, ഒരു ജനറല്‍ സെക്കന്‍ഡ് ക്ലാസ്, ഒരു ലഗേജ് കം ബ്രേക്ക് വാന്‍, ഒരു പാഴ്സല്‍ വാന്‍ എന്നിവ ഉള്‍പ്പെടെയാണിത്. ആവശ്യപ്പെട്ട സൗകര്യങ്ങളോടെ സ്റ്റേഷന്‍ വാടകയ്ക്ക് വിട്ടുനല്‍കുകയായിരുന്നുവെന്ന് സീനിയര്‍ കൊമേഴ്സ്യല്‍ മാനേജര്‍ ജെറിന്‍ ജി ആനന്ദിനെ ഉദ്ധരിച്ച്‌ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഷൂട്ടിങ്ങിനായി വിട്ടുകൊടുത്ത ട്രെയിന്‍, അമൃത എക്സ്പ്രസ് വരുമ്പോള്‍ മത്രം ട്രാക്ക് മാറ്റിയിടും. സിനിമയ്ക്കായി ‘സേലം സ്റ്റേഷന്‍’ എന്ന ബോര്‍ഡുവെച്ചാണ് ചിത്രീകരണം.-

വാടകയ്ക്ക് പുറമെ, പെര്‍മിഷന്‍ ഫീസായി 15 ശതമാനം ജിഎസ്ടി ഉള്‍പ്പെടെ 1,41,600 രൂപയും സെക്യൂരിറ്റി ഡിപ്പോസിറ്റായി 3,15,000 രൂപയും നിര്‍മാണ കമ്ബനിയായി അടയ്ക്കേണ്ടതുണ്ട്. റെയില്‍വേയുടെ മാനദണ്ഡപ്രകാരം 15 റെയില്‍വേ ജീവനക്കാരുടെയും 25 യാത്രക്കാരുടെയും ഇന്‍ഷുറന്‍സ് പ്രീമിയവും നിര്‍മാണ കമ്ബനി അടയ്ക്കണം. രണ്ടു ദിവസത്തെ ഷൂട്ടിങ് വെള്ളിയാഴ്ച അവസാനിച്ചു. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ വാടകയ്ക്ക് ചോദിച്ച്‌ നിരവധി പേര്‍ സമീപിക്കുന്നതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.

സംവിധാനം ചെയ്ത ലൂസിഫറിന് ശേഷം മോഹന്‍ ലാല്‍ മാസ് വേഷത്തിലെത്തുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. കോമഡിയും ആക്ഷനും സമം ചേര്‍ത്തുള്ള മാസ്സ് മസാല എന്‍റര്‍ടെയ്നര്‍ സംവിധാനം ചെയ്യുന്നത് സംവിധായകനും നിര്‍മാതാവുമായ ബി. ഉണ്ണികൃഷ്ണനാണ്. ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ എന്നാണ് സിനിമയുടെ മുഴുവന്‍ പേര്. വില്ലന്‍ എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും ഒരുമിക്കുന്ന സിനിമയാണിതെന്ന പ്രത്യേകതയുമുണ്ട്.-

നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക കാര്യത്തിനായി പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപന്‍ എത്തുന്നതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ആറാട്ടിന്‍റെ പ്രമേയം. പുലിമുരുകന് ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനുവേണ്ടി തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണ് ആറാട്ട്. ശ്രദ്ധ ശ്രീനാഥ്, നേഹ സക്സേന എന്നിവരാണ് നായികമാര്‍. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, മാളവിക, രചന നാരായണന്‍കുട്ടി, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്.