തിരുവനന്തപുരം: ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ തിരുവനന്തപുരത്ത് എത്തിച്ചു. വ്യക്തമായ ഉത്തരവ് ലഭിക്കുന്നതുവരെ കോവാക്സിന്‍ വിതരണം ചെയ്യില്ല. കോവാക്സിന്‍ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയില്ല എന്ന ആക്ഷേപമുയര്‍ന്നിരുന്നു.ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോ ടെക് നിര്‍മിച്ച 37,000 ഡോസ് കോവാക്സിനാണ് കേരളത്തില്‍ എത്തിയത്.

എന്നാല്‍ തത്കാലം വാക്സിന്‍ വിതരണം ചെയ്യില്ല. തിരുവനന്തപുരം മേഖല വാക്സിന്‍ സ്റ്റോറില്‍ ഇവ സൂക്ഷിക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് വ്യക്തമായ ഉത്തരവ് ലഭിച്ച ശേഷം കോവാക്സിന്‍ കുത്തിവെപ്പാരംഭിച്ചാല്‍ മതിയെന്നാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. നിലവില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് ഒരു അറിയിപ്പും കേരളത്തിന് ലഭിച്ചിട്ടില്ല. കോവാക്സിന്‍ മൂന്നാംഘട്ട പരീക്ഷണ പൂര്‍ത്തിയാകും മുമ്ബേ വിതരണണത്തിന് അനുമതി നല്കിയെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയായെന്നുമാണ് വാക്സിന്‍ സുരക്ഷിതമെന്നാണും കേന്ദ്ര സര്‍ക്കാരും നിര്‍മാതാക്കളും വിശദീകരിക്കുന്നത്. ഡല്‍ഹിയിലുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കൊവാക്സിന്‍ കുത്തിവെക്കുന്നുണ്ട്. ആര്‍ക്കും പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പാര്‍ശ്വഫലങ്ങള്‍ വ്യക്തമായി തെളിയിക്കപ്പെടും മുന്‍പ് തന്നെ കേന്ദ്രം വാക്സിന് തിടുക്കപ്പെട്ട് അനുമതി നല്കിയെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളും ഒരു വിഭാഗം ആരോഗ്യ പ്രവര്‍ത്തകരും ആരോപിച്ചിരുന്നത്. നിലവില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ് വാക്സീനാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. 47,893 പേര്‍ ഇതുവരെ വാക്സീന്‍ സ്വീകരിച്ചു. കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അറിയിപ്പ് നല്‍കുന്നതിലെ അപാകതകള്‍ പരിഹരിച്ചതോടെ കഴിഞ്ഞ രണ്ടു ദിവസമായി വാക്സീന്‍ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്.

141 കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ വാക്‌സിനേഷന്‍ നടന്നത്. എറണാകുളം ജില്ലയില്‍ 16 കേന്ദ്രങ്ങളിലും തിരുവനന്തപുരം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളിലും കാസര്‍ഗോഡ് ജില്ലയില്‍ 10 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ ഒന്‍പതു കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്‌സിനേഷന്‍ നടന്നത്.

സംസ്ഥാനത്താകെ ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും ഉള്‍പ്പെടെ ആകെ 4,81,747 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,82,847 പേരും സ്വകാര്യ മേഖലയിലെ 2,05,773 പേരും ഉള്‍പ്പെടെ 3,88,620 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുകൂടാതെ 2965 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് മുന്നണി പോരാളികളുടെ രജിസ്‌ട്രേഷനാണ് നടക്കുന്നത്. 75,551 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുന്‍സിപ്പല്‍ വര്‍ക്കര്‍മാരും, 8,011 റവന്യൂ വകുപ്പ് ജീവനക്കാരുടെയും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി.

കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (1367) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 703, എറണാകുളം 1367, ഇടുക്കി 729, കണ്ണൂര്‍ 873, കാസര്‍ഗോഡ് 568, കൊല്ലം 940, കോട്ടയം 900, കോഴിക്കോട് 924, മലപ്പുറം 829, പാലക്കാട് 827, പത്തനംതിട്ട 701, തിരുവനന്തപുരം 980, തൃശൂര്‍ 975, വയനാട് 804 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 47,893 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. ആര്‍ക്കും തന്നെ വാക്‌സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എറണാകുളം ജില്ലയില്‍ 16 കേന്ദ്രങ്ങളിലും തിരുവനന്തപുരം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളിലും കാസര്‍ഗോഡ് ജില്ലയില്‍ 10 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്‌സിനേഷന്‍ നടന്നത്.