ചെന്നൈ: തമിഴ്​നാട്ടിലെ കൃഷ്​ണഗിരി ജില്ലയില്‍ മുത്തൂറ്റ്​ ഫിനാന്‍സി​െന്‍റ ഹൊസൂര്‍ ശാഖയില്‍നിന്ന്​ 7.41 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന ആറുപേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഹൈദരാബാദില്‍നിന്നാണ്​ ഇവര്‍ പിടിയിലായത്​. നഷ്​ടപ്പെട്ട സ്വര്‍ണവും കണ്ടെടുത്തു.

ഹൊസൂര്‍ ബസ്​സ്​റ്റാന്‍ഡിന്​ സമീപമുള്ള സ്​ഥാപനത്തില്‍ വെള്ളിയാഴ്​ച രാവിലെ പത്തിനാണ്​ ഇവര്‍ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയത്​. ആറംഗ സായുധ മുഖംമൂടി സംഘം ശാഖ മാനേജര്‍ ഉള്‍പ്പെടെ നാല്​​ ജീവനക്കാരെ തോക്കും കത്തികളും ​കാണിച്ച്‌​ ഭീഷണിപ്പെടുത്തി ​ആക്രമിക്കുകയായിരുന്നു. ജീവനക്കാരെ മര്‍ദിച്ച്‌ ​കൈകാലുകള്‍ കെട്ടിയിട്ട്​ വായില്‍ പ്ലാസ്​റ്റര്‍ ഒട്ടിച്ചു. പിന്നീട്​, താക്കോലുകള്‍ കൈക്കലാക്കി ലോക്കറുകള്‍ കൊള്ളയടിച്ച്‌​ സംഘം രക്ഷപ്പെടുകയായിരുന്നു.

മാനേജര്‍ ശ്രീനിവാസ രാഘവ, ജീവനക്കാരായ മാരുതി, പ്രശാന്ത്​, രാജേന്ദ്രന്‍ എന്നിവരാണ്​ ആക്രമണത്തിനിരയായത്​. 25,091 ഗ്രാം സ്വര്‍ണവും 96,000 രൂപയുമാണ്​ നഷ്​ടപ്പെട്ടിരുന്നത്​. സ്വര്‍ണാഭരണങ്ങള്‍ മൂന്ന്​ ബാഗുകളില്‍ നിറച്ച്‌​ പ്രതികള്‍ ബൈക്കുകളിലാണ്​ രക്ഷപ്പെട്ടത്​. പ്രതികളെ പിടികൂടാന്‍ അഞ്ച്​ പ്രത്യേക പൊലീസ്​ ടീമുകളെയാണ്​ നിയോഗിച്ചിരുന്നത്​.