നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ കേരളത്തിലേക്ക്. ഫെബ്രുവരി 3, 4 തിയതികളില്‍ അദ്ദേഹം കേരളത്തില്‍ പര്യടനം നടത്തും.
തിരുവനന്തപുരത്തും കൊച്ചിയിലുമായി വിവിധ തലങ്ങളിലുള്ള പാര്‍ട്ടി യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. സംസ്ഥാനത്തെ ബിജെപി തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശം. പാര്‍ട്ടി നേതാക്കള്‍, പൊതുസമ്മതര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുമായി നദ്ദ കൂടിക്കാഴ്ച നടത്തും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ധാരണയിലെത്തിയേക്കും.
ഘടകകക്ഷി നേതാക്കളുമായും ജെ പി നദ്ദ കൂടിക്കാഴ്ച നടത്തും. വിമതശബ്ദമുയര്‍ത്തിയ നേതാക്കളുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ല. നദ്ദയ്ക്കൊപ്പം ദേശീയ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ് കേരളത്തിലെത്തുന്നുണ്ട്.
അതേസമയം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് നയിക്കുന്ന കേരള യാത്ര ഫെബ്രുവരി 15ന് ശേഷമാകും നടക്കുക. കൊവിഡ് ബാധിതനായ സുരേന്ദ്രന് വീണ്ടും സജീവമാകുന്നതേയുള്ളൂ. ഇതിനിടെ സുരേന്ദ്രന് മത്സരിക്കില്ലെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.