തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങി കേരളം. അന്തിമ വോട്ടര്‍ പട്ടികയില്‍ 2,67,31,509 കോടി വോട്ടര്‍മാര്‍. 1,37,79,263 സ്ത്രീ വോട്ടര്‍മാര്‍. മൂന്ന് ലക്ഷത്തോളം കന്നി വോട്ടര്‍മാര്‍. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്താണ്. ഏറ്റവും കുറവ് വയനാട്ടിലും. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുടെ എണ്ണം 221 ആണ്. വിവിധ കാരണങ്ങളാല്‍ മുന്‍പട്ടികയില്‍ നിന്ന് 1.56 ലക്ഷം പേരുകള്‍ നീക്കം ചെയ്തു.
വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഇനിയും അവസരം നല്‍കും. പ്രഖ്യാപിക്കുന്നത് വരെ പേര് ചേര്‍ക്കാമെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞു. പുതുതായി പത്ത് ലക്ഷം അപേക്ഷകള്‍ കിട്ടി. അതില്‍ 5,79,033 പുതിയ വോട്ടര്‍മാര്‍ ഉണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറത്ത് 32,14,943 വോട്ടര്‍മാര്‍. ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ളതും മലപ്പുറത്താണ്. 90,709 പ്രവാസി വോട്ടര്‍മാരുണ്ട്. ഇതില്‍ കൂടുതല്‍ വോട്ടര്‍മാര്‍ കോഴിക്കോടാണ്.
പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂടും. 1,000 വോട്ടര്‍മാരെ മാത്രമേ ഒരു പോളിങ് സ്റ്റേഷനില്‍ അനുവദിക്കൂ എന്ന നിബന്ധന വന്നതോടെയാണിത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വോട്ടെടുപ്പ്. 15,730 പോളിങ് സ്റ്റേഷനുകള്‍കൂടി വരുന്നതോടെ ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 40,771 ആയി. തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിയ പോലെ മൂന്ന് ഘട്ടങ്ങളായാകും വോട്ടെടുപ്പ് നടക്കുക.
ഏപ്രില്‍, മേയ് മാസങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തോടൊപ്പം തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസാം, പുതുച്ചേരി എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും.