തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ ശതകോടികളുടെ അഴിമതി പുറത്ത് വന്നതിന് പിന്നാലെ പോലീസ് ഡിപ്പാര്‍ട്ട്മെന്‍്റിലും വന്‍ ക്രമക്കേട് എന്ന റിപ്പോര്‍ട്ട് പുറത്ത്. അടൂര്‍ സബ്‌സിഡിയറി സെന്‍ട്രല്‍ പോലീസ് കാന്റീനില്‍ വന്‍ അഴിമതി നടക്കുന്നതായി വ്യക്തമാക്കി കെഎപി മൂന്നാം ദളം കമന്‍ഡന്റ് ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

2018-19 വര്‍ഷത്തില്‍ 42,29,956 രൂപയുടെ ചെലവാക്കാന്‍ സാധ്യതയില്ലാതിരുന്ന സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതായി ജയനാഥ് ജെ ഐപിഎസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മേലധികാരികളില്‍നിന്നുള്ള വാക്കാലുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാങ്ങല്‍ നടന്നത്. പൊലീസ് ആസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥ ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ വാക്കാല്‍ നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വാട്സാപ് വഴി ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടെന്നു നിര്‍ദേശം നല്‍കി. കന്‍റീന്‍ സ്റ്റോക്കില്‍ 11,33,777 രൂപയുടെ സാധനങ്ങള്‍ കാണാനില്ല. 2018-19 കാലഘട്ടത്തില്‍ വാങ്ങിയ ഉല്‍പ്പന്നങ്ങളാണ് കാണാതായത്. കാന്‍റീനില്‍ ജോലി ചെയ്യുന്നവര്‍ക്കാര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ല.

പ്രതിവര്‍ഷം ശരാശരി 15.20 കോടി രൂപയുടെ വില്‍പ്പന മാത്രം നടക്കുന്ന ചെറിയ കാന്‍്റീനായ അടൂരില്‍ ഇത്രയും വലിയ അഴിമതി നടന്നെങ്കില്‍ മറ്റുള്ള പോലീസ് കാന്‍റീനുകളില്‍ ഇതിനേക്കാള്‍ വലിയ വെട്ടിപ്പ് നടക്കുന്നു എന്ന സൂചനയിക്കോണോ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത് എന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കാം. അടൂരില്‍ അഴിമതി നടത്തുന്നതിന് വേണ്ടി പഴകിയ ഉല്‍പ്പന്നങ്ങള്‍ ഉദ്യോഗസ്ഥരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും പഴകിയ ഈ ഉല്‍പ്പന്നങ്ങള്‍ കമ്ബനിക്കു തിരിച്ചു നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

കാന്‍റീന്‍ ഗോഡൗണ്‍ നിര്‍മാണത്തില്‍ വലിയ ക്രമക്കേടുകള്‍ നടന്നു. അഴിമതി നടന്ന വിവരം യഥാസമയത്ത് പോലീസ് ആസ്ഥാനത്ത് അറിയിച്ചെങ്കിലും അതില്‍ ഒരുവിധത്തിലുമുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നു മാത്രമല്ല കുറ്റക്കാരെ സഹായിക്കുകയാണ് എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ പുറത്തുള്ള ഏജന്‍സിയെകൊണ്ട് അഴിമതി അന്വേഷിക്കണമെന്നും പറയുന്നു.നേരത്തെ ഇടുക്കി ജില്ലയിലെ പോലീസ് കാന്റീന്‍ നടത്തിപ്പിനെക്കുറിച്ചും സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. അപ്പോഴെല്ലാം നിശബ്ദരായിരുന്ന് അഴിമതിക്ക് ഒത്താശ ചെയ്യുകയാണ് പോലീസ് ആസ്ഥാനം എന്ന വിമര്‍ശനം ഡിജിപിക്ക് നേരെ ഉയരുകയാണ്.