കാര്‍ഷിക നിയമങ്ങളെ ഭൂരിഭാഗം കര്‍ഷകരും അനുകൂലിക്കുന്നുവെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. നിയമത്തെ സ്‌റ്റേ ചെയ്തുകൊണ്ട് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിയമങ്ങള്‍ നടപ്പാക്കാനാവില്ല. അതേസമയം, ജനുവരി 19ന് നടക്കുന്ന ചര്‍ച്ചയില്‍ കര്‍ഷകര്‍ നിയമത്തിലെ വകുപ്പുകള്‍ ഓരോന്നായി ചര്‍ച്ച ചെയ്ത് കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാറിനെ അറിയിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

മാത്രമല്ല, കര്‍ഷകരുടെ പ്രധാന ആശങ്കകളായ മണ്ഡികള്‍, വ്യാപാരികളുടെ രജിസ്‌ട്രേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഹരിക്കാന്‍ തയാറാണെന്ന നിര്‍ദേശം സംഘടനകളെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതിനു പുറമേ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതാ സംബന്ധിച്ചും വൈദ്യുതിയുമായി ബന്ധപ്പെട്ട നിയമങ്ങളും ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് സര്‍ക്കാര്‍ കര്‍ഷരെ അറിയിച്ചിരുന്നു. എന്നാല്‍, നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യമെന്ന് മന്ത്രി പറഞ്ഞു.