കൊല്ലം: പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഇതേ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. എംഎല്‍എയു‍ടെപിഎ കോട്ടത്തല പ്രദീപിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്‌. പൊലീസ് തീര്‍ത്ത ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് നീങ്ങിയതിനെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം.

കഴിഞ്ഞ ദിവസം ഗണേഷ് കുമാറിന്റെ മുന്‍ പിഎയായിരുന്ന പ്രദീപ് കുമാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചിരുന്നു. അതിന് പിന്നാലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എയുടെ ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്.

പോലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാനായി ലാത്തി വീശുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജുഖാന്‍ ഉള്‍പ്പെടുള്ളവര്‍ക്ക് പരിക്ക് പറ്റി.