കൊല്ലം: മൂകയും ബധിരയുമായ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചിറ്റയം ചിറയില്‍ പുത്തന്‍വീട്ടില്‍ സോളമനെ(പാപ്പി 49)യാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമണ്‍ ഭാഗത്ത് കായല്‍ തീരത്ത് ഒളിവില്‍ താമസിക്കുകയായിരുന്നു പ്രതി. സ്ഥലത്ത് പൊലീസ് എത്തിയതു കണ്ടതോടെ സോളന്‍ കായലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ സിപിഒ സുമേഷ് കായലില്‍ ചാടി പ്രതിയെ പിടികൂടി.

സോളമനും സുഹൃത്ത് റോജിയും ചേര്‍ന്ന് ഒരു മാസം മുമ്ബാണ് യുവതിയുടെ വീടിന്റെ ഓട് പൊളിച്ചിറങ്ങി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതി ഓടി രക്ഷപ്പെട്ട് സമീപത്തെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. റോജി ഒളിവില്‍ തുടരുകയാണ്. എസ്‌ഐ ഷാന്‍, സിപിഒ മനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.