പതിവുപോലെ കടലാസില്‍ ഒതുങ്ങുന്ന ചില വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച്‌ പിണറായി വിജയന്‍ നേതൃത്വം നല്‍കുന ഇടത്പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ആറാമത്തെയും അവസാനത്തേയും ബഡ്‌ജറ്റ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചു. സംസ്ഥാന ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ബഡ‌്‌ജറ്റ് എന്ന റെക്കോര്‍ഡും കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലൂടെ ഐസക്ക് സ്വന്തമാക്കി. ഐസക്കിന്‍്റെ വാഗ്ദാനങ്ങളെല്ലാം തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെ വെറും പ്രഖ്യാപനങ്ങളായി മാത്രം ഒതുങ്ങുമെന്നാണ് ജനം പറയുന്നത്. കാരണം കഴിഞ്ഞ ബഡ്ജറ്റിലെ പ്രഖ്യാപനങ്ങള്‍ ഇപ്പോഴും കടലാസില്‍ ഉറങ്ങുകയാണ്.

മാര്‍ച്ച്‌ മാസത്തില്‍ തിരഞ്ഞെടുപ്പ് നടക്കും എന്നത് ഉറപ്പുള്ളപ്പോള്‍ മൂന്നു മാസം മാത്രം കാലാവധിയുള്ള സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കുള്ള സമ്ബൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കുന്നത് അനുചിതവും ജനാധിപത്യ മര്യാദക്ക് നിരക്കുന്നതുമല്ല എന്ന വിമര്‍ശനങ്ങളും പല കോണുകളില്‍ നിന്നും ബജറ്റിനെക്കുറിച്ച്‌ ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് ഇതുവരെ അവതരിപ്പിച്ചിട്ടില്ല, പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര വിഹിതം എന്താണെന്നറിയാതെ എങ്ങനെയാണ് ബജറ്റ് തയ്യാറാക്കുക? മാത്രവുമല്ല, സംസ്ഥാനങ്ങള്‍ക്ക് വായ്പയെടുക്കാനുള്ള പരിധി ജി.ഡി.പി യുടെ 3% ശതമാനത്തില്‍ നിന്നും 5% ആക്കി കോവിഡിന്‍്റെ പശ്ചാത്തലത്തില്‍ വര്‍ദ്ധിപ്പിച്ചത് തുടരുമോയെന്ന് വ്യക്തവുമല്ല. ധനക്കമ്മി ഗ്രാന്‍്റും എത്രയാണെന്നു് അറിയില്ല. വരുമാനം എത്രയായിരിക്കും എന്ന് ഒരു ധാരണയും ഇല്ലാത്ത ഈ സാഹചര്യത്തില്‍ സമ്ബൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കുന്നത് ജനങ്ങളെ കബളിപ്പിക്കുവാനാണ്.

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ ബദല്‍ ലോകം ഏറ്റെടുത്തെന്നാണ് ധനമന്ത്രി തന്റെ ബ‌ഡ്‌ജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ അവകാശപ്പെട്ടത്. കോവിഡ് കാലമുണ്ടാക്കിയ ഇരുട്ടിനെ മറികടന്ന് ആനന്ദം നിറഞ്ഞ പുലരിയെ തിരിച്ചെത്തിക്കാന്‍ പ്രയത്നിക്കുന്ന ലോകത്തെ കുറിച്ച്‌ പാലക്കാട് കുഴല്‍മന്ദം ജി എച്ച്‌ എസിലെ സ്നേഹ എന്ന വിദ്യാര്‍ത്ഥിനിയുടെ കവിത ഉദ്ധരിച്ചാണ് ധനമന്ത്രി തിരഞ്ഞെടുപ്പ് ബഡ്‌ജറ്റിന് ആരംഭം കുറിച്ചത്.കെ എസ് എഫ് ഇയുടെ സഹായത്തോടെ സ്‌മാര്‍ട്ട് കിച്ചണ്‍ പദ്ധതി പ്രഖ്യാപിച്ച്‌ വീട്ടമ്മമാരെ മുതല്‍ ഡി എ കുടിശിക നല്‍കാമെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വരെ ഐസക്ക് തന്റെ ബഡ്‌ജറ്റിലൂടെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചു.

ക്ഷേമപെന്‍ഷനുകള്‍ ഉയര്‍ത്തിയും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിച്ചും കാര്‍ഷികവിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചും സാധാരണക്കാരുടെ കൈയടി നേടുന്ന പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുന്ന ബഡ്‌ജറ്റായിരുന്നു തോമസ് ഐസക്കിന്റേത് .എല്ലാ വീട്ടിലും ലാപ്പ്ടോപ്പ് നല്‍കും. അഞ്ച് വര്‍ഷംകൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ജോലി ലഭ്യമാക്കുന്ന വിപുലമായ പദ്ധതിയും ധനമന്ത്രി ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ചു. വരുന്ന സാമ്ബത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ബജറ്റിലെ വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പാക്കി എന്നു പരിശോധിച്ചാല്‍ വ്യക്തമാകും ഐസക്ക് നടത്തിയിട്ടുള്ള പൊള്ളയായ പ്രഖ്യാപനങ്ങളെക്കുറിച്ച്‌. 2016 മുതല്‍ ഇങ്ങോട്ട് എല്ലാ ബജറ്റ് അവതരണവും ദീര്‍ഘമേറിയത് മാത്രമായിരുന്നില്ല ഇതുവരെ നടപ്പാക്കാത്ത വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു ഐസക് അന്നൊക്കെ ബജറ്റ് എന്ന പേരില്‍ അവതരിപ്പിച്ചത്.കേരളത്തിന്‍്റെ സമ്ബദ് വ്യവസ്ഥ അതിഗുരുതരമായ പ്രതിസന്ധിയിലാണെന്ന സാമ്ബത്തിക സര്‍വ്വേയുടെ പശ്ചാത്തലത്തില്‍ യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്താത്ത സാമ്പത്തിക സമീപനവും നയപ്രഖ്യാപനങ്ങളും കേരളത്തിലെ ജനങ്ങളുടെ പൊതുബോധത്തെ ചോദ്യം ചെയ്യുന്നതും വെറും കടലാസില്‍ ഒതുങ്ങുന്നതാണ് എന്നും ഐസക്ക് തന്നെ തന്‍്റെ കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളിലൂടെ തെളിയിച്ചിരിക്കുകയാണ്.