അബൂദബിയുടെ പുതിയ ദേശീയ വിമാനകമ്പനിയായ ‘വിസ് എയര്‍ അബൂദബി’ ഇന്ന് പറന്നു തുടങ്ങും.ചെലവ് കുറഞ്ഞ ബജറ്റ് വിമാനസര്‍വീസുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ബിസിനസ് തന്ത്രങ്ങളുടെ ഭാഗമായി അബൂദബി വിസ് എയര്‍ അബൂദബി എന്ന വിമാനകമ്പനിക്ക് രൂപം നല്‍കിയത്. നേരത്തേ ഷാര്‍ജയിലെ എയര്‍ അറേബ്യയുമായി കൈകോര്‍ത്ത് എയര്‍ അറേബ്യ അബൂദബി എന്ന ബജറ്റ് എയര്‍ലൈനിനും രൂപം നല്‍കിയിരുന്നു.

അബൂദബിയിലെ എഡ്ക്യൂ കമ്പനിയും ഹംഗറ് ആസ്ഥാനമായ വിസ് എയറും കൈകോര്‍ത്താണ് പുതിയ വിമാനകമ്പനി പിറന്നത്. അബൂദബിയില്‍ നിന്ന് ഗ്രീസിലെ ഏഥന്‍സിന് പിന്നാലെ അടുത്തമാസം മറ്റൊരു ഗ്രീസ് നഗരമായ തിസാലോനിക്കിലേക്ക് സര്‍വീസ് ആരംഭിക്കും. കൂടുതല്‍ യൂറോപ്യന്‍ വിമാനത്താവളങ്ങളിലേക്ക് അടുത്തമാസങ്ങളില്‍ വിസ് എയര്‍ അബൂദബി പറക്കും.

നാല് പുതിയ എയര്‍ബസ് A 321 നിയോ എയര്‍ക്രാഫ്റ്റുകള്‍ അടങ്ങുന്നതാണ് വിമാനങ്ങളുടെ നിര. പരിസ്ഥിതി ആഘാതം കുറഞ്ഞ വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. പൂര്‍ണമായും അണുവിമുക്തമാക്കി കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസ് എന്ന് വിസ് എയര്‍ അബൂദബി അധികൃതര്‍ പറഞ്ഞു.