ചെന്നൈ: കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ മാസ്റ്റര്‍ പ്രദര്‍ശനം നടത്തിയ തമിഴ്‌നാട്ടിലെ തീയേറ്ററിനെതിരെ നടപടി. 50 ശതമാനത്തിലധികം കാണികളെ കയറ്റി പ്രദര്‍ശനം അനുവദിച്ച കാസി തീയേറ്ററിനെതിരെയാണ് സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്. കാസി തീയറ്ററിനെ കൂടാതെ തമിഴ്‌നാട്ടിലെ 11 തീയേറ്ററുകള്‍ കൂടി ഇത്തരത്തില്‍ നിയമലംഘനം നടത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188, 269 എന്നീ വകുപ്പുകള്‍ പ്രകാരമാണ് തീയേറ്റര്‍ മാനേജ്‌മെന്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കൊറോണ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തീയേറ്ററുകളിലെ നൂറ് ശതമാനം സീറ്റുകളിലും ആളുകളെ കയറ്റുന്നത് അപകടമാണെന്ന് കേന്ദ്രം നേരത്തെ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കാണികളെ കയറ്റുകയായിരുന്നു.

അതേസമയം വിജയ് ആരാധകരുടെ തിരക്ക് കാരണമാണ് മുഴുവന്‍ സീറ്റുകളിലും കാണികളെ പ്രവേശിപ്പിച്ചതെന്നാണ് തീയേറ്റര്‍ ഉടമകളുടെ വിശദീകരണം. നേരത്തെ മാസ്റ്റര്‍ റിലീസിന് മുന്നോടിയായി 100 ശതമാനം കാണികളെ പ്രവേശിപ്പിക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സര്‍ക്കാരിന്റെ ഉത്തരവ് കേന്ദ്രം ഇടപെട്ട് പിന്‍വലിച്ചിരുന്നു.