ഇന്ത്യയും ഓസീസും തമ്മിലുള്ള നിര്‍ണായകമായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ബ്രിസ്ബണിലെ ഗാബ സ്റ്റേഡിയത്തില്‍ ആണ് ആരംഭിക്കുന്നത്. ഗാബയിലെ ഇതുവരെയുമായുള്ള ഇന്ത്യ- ആസ്ട്രേലിയ പോരാട്ടങ്ങളുടെ നാള് വഴികള്‍ ഇതാണ്:
ഓസീസിന്റെ പ്രിയ വേദികളിലൊന്നാണിത്. 1988നു ശേഷം ഓസീസ് ഇവിടെ ടെസ്റ്റില്‍ തോല്‍വിയറിഞ്ഞിട്ടില്ല. ആസ്ട്രേലിയയില്‍ ഇന്ത്യ ഇതുവരെ ടെസ്റ്റ് ജയിച്ചിട്ടില്ലാത്ത വേദി കൂടിയാണിത്. ഇവിടെ ആറു ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ അഞ്ചെണ്ണത്തിലും തോറ്റപ്പോള്‍ ഒരു ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു.
നാലു ഇന്ത്യന്‍ താരങ്ങള്‍ക്കു മാത്രമേ ഗാബയില്‍ സെഞ്ച്വറി കുറിക്കാനായിട്ടുള്ളൂ. അവര്‍ ഇവരൊക്കെയാണ്-
1- എംഎല് ജയ്സിന്‍ഹ (101 റണ്‍സ്, 1968)
2- സുനില്‍ ഗവാസ്കര്‍ (113 റണ്‍സ്, 1977)
3- സൗരവ് ഗാംഗുലി (144 റണ്‍സ്, 2003) ഗാബയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്കോറിന് അവകാശികളിലൊരാള്‍ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണ്. 2003ല്‍ നടന്ന ടെസ്റ്റിലാണ് 144 റണ്‍സെടുത്ത് ദാദ ചരിത്രം കുറിച്ചത്. ആ ഓസീസ് പര്യടനത്തില്‍ ഇന്ത്യയുടെ നായകനും ഗാംഗുലിയായിരുന്നു.
4- മുരളി വിജയ് (144 റണ്‍സ്, 2014) സൗരവ് ഗാംഗുലി സ്ഥാപിച്ച ഉയര്‍ന്ന വ്യക്തിഗത സ്കോറിനൊപ്പം 2014ല്‍ മുരളി വിജയ്ക്ക് എത്താന്‍ കഴിഞ്ഞു. 213 ബോളുകളില്‍ നിന്നും 22 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
നിലവിലെ ടീമില്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് ഗാബയില്‍ അര്‍ധസെഞ്ച്വറി പിന്നിട്ട താരങ്ങളിലൊരാള്‍. (81 റണ്‍സ്, 2014)