ചെന്നൈ : കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആദ്യ ദിവസം തന്നെ മുഴുവന്‍ ആളുകളെയും കയറ്റി സിനിമ പ്രദര്‍ശിപ്പിച്ച്‌ ചെന്നൈയിലെ തീയേറ്ററുകള്‍. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് തീയേറ്ററുകള്‍ ഹൗസ് ഫുള്ളാക്കിയത്. നിയമലംഘനത്തിന് തീയേറ്റര്‍ ഉടമകള്‍ക്കെതിരെ പോലീസ് കേസെടുത്തു.

കൊറോണ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തീയേറ്ററുകളിലെ നൂറ് ശതമാനം സീറ്റുകളിലും ആളുകളെ കയറ്റുന്നത് അപകടമാണെന്ന് കേന്ദ്രം താക്കീത് നല്‍കിയിരുന്നു. എന്നാല്‍ നിയമങ്ങള്‍ അനുസരിക്കാതെ കാണികളെ കയറ്റുകയായിരുന്നു.

എന്നാല്‍ വിജയ് ആരാധകരുടെ തിരക്ക് കാരണമാണ് മുഴുവന്‍ സീറ്റുകളിലും ആളുകളെ കയറ്റേണ്ടി വന്നതെന്ന് തീയേറ്റര്‍ ഉടമകള്‍ അറിയിച്ചു. സെഷന്‍ 188,269 വകുപ്പുകള്‍ പ്രകാരം തീയേറ്റര്‍ ഉടമകള്‍ക്കെതിരെ കേസെടുത്ത പോലീസ് അവരില്‍ നിന്നും പിഴയും ചുമത്തിയിട്ടുണ്ട്.

കേരളം ഉള്‍പ്പെടെയുളള വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യ പ്രദര്‍ശനമായി വിജയ് നായകനയെത്തുന്ന മാസ്റ്റര്‍ എന്ന ചിത്രമാണ് റിലീസായത്. ആരാധകരുടെ തിക്കും തിരക്കുമാണ് സംസ്ഥാനത്തൊട്ടാകെ കാണാന്‍ സാധിച്ചത്. കേരളത്തില്‍ അന്‍പത് ശതമാനം സീറ്റുകളില്‍ മാത്രമെ കാണികളെ കയറ്റാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.