ഓസ്‌ട്രേലിയക്കെതിരേ വെള്ളിയാഴ്ച ആരംഭിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു പകരം ആരെ ഇറക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ. ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, നവദീപ് സെയ്‌നി എന്നിവര്‍ക്കു പിന്നാലെ മറ്റൊരു യുവ താരത്തിനു കൂടി ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ അവസരം ലഭിക്കുമെന്നാണ് സൂചനകള്‍. ടി20 സ്‌പെഷ്യലിസ്റ്റായ വാഷിങ്ടണ്‍ സുന്ദറായിരിക്കും ജഡേജയ്ക്കു പകരം ടീമിലെത്തിയേക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തേ നടന്ന നിശ്ചിത ഓവര്‍ പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ സുന്ദറുമുണ്ടായിരുന്നു. താരത്തോടു പരമ്ബരയ്ക്കു ശേഷം ഓസ്‌ട്രേലിയയില്‍ തന്നെ തുടരാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ തമിഴ്‌നാട്ടുകാരനായ സുന്ദറിന് അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്പിന്‍ ബൗളിങിനൊപ്പം ബാറ്റ് ചെയ്യാനുള്ള കഴിവ് കൂടി പരിഗണിച്ച്‌ ജഡേജയുടെ സ്ഥാനത്തേക്കു സുന്ദറിനെ കൊണ്ടു വരാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. താരം ടീമിലേക്കു വന്നാല്‍ ആര്‍ അശ്വിനൊപ്പം ഓള്‍റൗണ്ടറുടെ റോളില്‍ കളിക്കും. സുന്ദറിന്റെ സാന്നിധ്യം ഇന്ത്യക്കു ബാറ്റിങിലും തുണയായേക്കുമെന്ന് ടീം മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു. എന്നാല്‍ ജഡേജയുടെ പകരക്കാരനെ ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യക്കു വേണ്ടി 25 ടി20 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ടെങ്കിലും ഏകദിനത്തില്‍ ഒരേയൊരു മല്‍സരം മാത്രമെ സുന്ദറിന് കളിക്കാനായിട്ടുള്ളൂ. 25 ടി20കളില്‍ നിന്നും 21 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

അതേസമയം, ജസ്പ്രീത് ബുംറ കൂടി പരിക്കിന്റെ പിടിയിലായതോടെ നാലാം ടെസ്റ്റില്‍ പുതിയൊരു പേസ് ത്രയത്തെ ഇന്ത്യ അണിനിരത്തുമെന്ന് ഉറപ്പായി. ഈ പരമ്ബരയിലൂടെ അരങ്ങേറിയ മുഹമ്മദ് സിറാജ്, നവദീപ് സെയ്‌നി എന്നിവര്‍ക്കൊപ്പം ശര്‍ദ്ദുല്‍ താക്കൂറും പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കും. റെഡ് ബോളിലെ അനുഭവസമ്ബത്ത് കൂടി പരിഗണിച്ച്‌ പുതുമുഖമായ ടി നടരാജനു പകരം താക്കൂറിനെ ഇന്ത്യ നാലാം ടെസ്റ്റില്‍ കളിപ്പിക്കാന്‍ സാധ്യതയേറെയാണ്.