കൊല്ലം : ശ്രീനാരായണ ഗുരു സര്‍വ്വകലാശാലയ്ക്ക് വേണ്ടി തീരുമാനിച്ചിരുന്ന വിവാദ ലോഗോ മരവിപ്പിച്ചു. ഗുരുദേവന്റെ ചിത്രമില്ലാത്ത ലോഗോയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് നടപടി. ലോഗോ വിഷയം പുന: പരിശോധന നടത്താന്‍ പ്രത്യേക സമിതിയെ തീരുമാനിച്ചു. ലോഗോ പരിശോധിക്കാന്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് അദ്ധ്യക്ഷനും, കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ നാരായണന്, തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി മനോജ് എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയെ നിയോഗിച്ചതായി സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു.
ലോഗോയ്ക്കെതിരെ നിരവധി സമരങ്ങള്‍ സര്‍വ്വകലാശാല ആസ്ഥാനത്ത് നടന്നിരുന്നു. ബിജെപിയും കോണ്‍ഗ്രസും ഹിന്ദു സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗുരുവിന്റെ ആശയങ്ങള്‍ ത്രിമാന ജ്യാമിതീയ രൂപത്തിലാക്കിയതാണ് ലോഗോയെന്നായിരുന്നു അവകാശവാദം. സര്‍വ്വകലാശാല വിസിയായ ഡോ. മുബാറക് പാഷയും ലോഗോ പിന്‍വലിക്കില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്.
ലോഗോയിലെ വൃത്താകൃതിയിലുള്ള വെളുപ്പ് നിറം ജ്ഞാനത്തെയും സമാധാനത്തെയും സൂചിപ്പിക്കുന്നു. മഞ്ഞനിറം ധര്‍മ്മത്തേയും മൂല്യങ്ങളേയും സൂചിപ്പിക്കുന്നു. പച്ച കുങ്കുമം, പര്‍പ്പിള്‍ നിറങ്ങള്‍ സുസ്ഥിരവികസനത്തെ സൂചിപ്പിക്കുന്നു എന്നാണ് സര്‍വ്വകലാശാല അധികൃതരുടെ വിശദീകരണം. സാധാരണ ജ്യാമിതി രൂപങ്ങളൊന്നും സമാനമായ സര്‍വ്വകലാശാലകളില്‍ ഉപയോഗിച്ചിട്ടില്ലെന്നതും പ്രതിഷേധിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ലോഗോയ്ക്കൊപ്പം അടയാള വാക്യത്തിനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്. വിദ്യകൊണ്ട് പ്രബുദ്ധരാവുക , വിദ്യകൊണ്ട് സ്വതന്ത്രരാകുക എന്നീ ഉദ്ധരണികള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇംഗ്ളീഷില്‍ വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന അര്‍ത്ഥത്തിലുള്ള വാക്യമാണ് ഉപയോഗിച്ചിരിക്കുന്നത്.