ഇറ്റാനഗര്‍ : പരംവീര ചക്ര ജേതാവ് ജോഗീന്ദര്‍ സിംഗിന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ച യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്തു. ജോഗീന്ദര്‍ സിംഗിന്റെ മകള്‍ കുല്‍വന്ത് കൗറാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്. അരുണാചല്‍ പ്രദേശിലെ ബും ലായിലാണ് സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്.
സിഖ് റെജിമെന്റിലെ ഒന്നാം ബറ്റാലിയനിലെ സൈനികനായിരുന്ന ജോഗീന്ദര്‍ സിംഗ് 1962 ലെ ഇന്ത്യ- ചൈന യുദ്ധത്തിലാണ് വീരമൃത്യുവരിച്ചത്. യുദ്ധത്തിലെ അദ്ദേഹത്തിന്റെ ധീരതയക്ക് രാജ്യം പരമോന്നത ബഹുമതിയായ പരംവീര ചക്ര നല്കി ആദരിച്ചു. ചൈനയ്ക്കെതിരായ പോരാട്ടത്തില്‍ ഒക്ടോബര്‍ 23 ന് ബും ലായില്വെച്ചാണ് അദ്ദേഹം വീരമൃത്യുവരിച്ചത്.
യുദ്ധ സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമാ ഖണ്ഡുവും, ഗുവാഹട്ടി പബ്ലിക് റിലേഷന്‍ ഓഫീസര്‍ പി. ഖോംഗ്ഷിയും പങ്കെടുത്തു. മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ ശ്രമഫലമായാണ് ബും ലായില്‍ യുദ്ധ സ്മാരകം നിര്‍മ്മിച്ചതെന്ന് ഖോംഗ്ഷി പറഞ്ഞു. 1962 ലെ യുദ്ധത്തില്‍ ജീവത്യാഗം ചെയ്ത ജോഗീന്ദര്‍ സിംഗിനും, അദ്ദേഹത്തിന്റെ പടയാളികള്‍ക്കുമുള്ള മികച്ച ആദരമാണ് യുദ്ധ സ്മാരകമെന്ന് പേമാ ഖണ്ഡുവും അഭിപ്രായപ്പെട്ടു.