തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് എസ് വി പ്രദീപിന്റെ മരണത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍. അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നും അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മന്ത്രി ഉള്‍പ്പെട്ട ഹണി ട്രാപ് കേസുമായി ബന്ധപ്പെട്ട് പ്രദീപ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നു. ഇക്കാര്യത്തിലും അന്വേഷണം വേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും ഒരുമാസമായിട്ടും അന്വേഷണം എവിടേയും എത്തിയില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. പ്രദീപിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കാനോ സുഹൃത്തുക്കളുടെ മൊഴിയെടുക്കാനോ പൊലീസ് തയ്യാറാവാത്തത് ദുരൂഹമാണ്. അപകടം നടക്കുമ്ബോള്‍ പ്രദീപിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേരെ കുറിച്ചും അന്വേഷണം വേണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഡിസംബര്‍ 14ന് തിരുവനന്തപുരത്ത് നിന്ന് പള്ളിച്ചലിലേക്ക് പോകുന്നതിനിടയില്‍ പ്രദീപ് സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിക്കുകയും പ്രദീപ് റോഡിന് നടുവിലേക്ക് വീണ് അപകടം സംഭവിക്കുകയുമായിരുന്നു. ഉടന്‍ തന്നെ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.