എന്‍സിപിയിലെ തര്‍ക്കം പിളര്‍പ്പിലേക്കെന്ന് സൂചന നല്‍കി ഇന്ന് കോട്ടയത്ത് ശശീന്ദ്രന്‍ വിഭാഗം പ്രത്യേക യോഗം ചേരും. കോണ്‍ഗ്രസ് എസ് നേതാവിന്റെ 36ാം ചരമ വാര്‍ഷികത്തിന്റെ പേരിലാണ് മാണി സി കാപ്പന്‍ വിരുദ്ധ പക്ഷം ഒന്നിക്കുന്നത്. പരിപാടിക്കെതിരെ സംസ്ഥാന അധ്യക്ഷന് പരാതി നല്‍കുമെന്ന് മറു വിഭാഗം വ്യക്തമാക്കി.

സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ ജില്ലകളില്‍ നടത്തുന്ന യോഗങ്ങള്‍ ഒരുവശത്തുണ്ട്. യൂത്ത് കോണ്‍ഗ്രസ് എസിന്റെ നേതാവായിരുന്ന സി എച്ച്‌ ഹരിദാസിന്റെ 36ാം ചരമ ദിനാചരണം കോട്ടയത്ത് ശശീന്ദ്രന്‍ വിഭാഗം സംഘടിപ്പിച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നേതാക്കളെ ഒപ്പം ചേര്‍ത്ത് ശക്തി പ്രകടനമാണ് ഇരുപക്ഷത്തിന്റെയും ലക്ഷ്യം.

അനുസ്മരണ പരിപാടി എല്ലാ വര്‍ഷവും നടത്തുന്നതാണെന്നും ശശീന്ദ്രന്‍ പക്ഷം പ്രതികരിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, സിപിഐ സെക്രട്ടറി സി കെ ശശിധരന്‍ തുടങ്ങിയ ഇടത് നേതാക്കളാണ് കോട്ടയത്തെ ശശീന്ദ്രന്‍ പക്ഷത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ടി പി പീതാംബരന്‍ പങ്കെടുക്കുന്ന യോഗവും കോട്ടയത്ത് ചേരും.