എഫ് എ കപ്പില്‍ ലിവര്‍പൂള്‍ അടുത്ത റൗണ്ടിലേക്ക് കടന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ച് ആണ് ലിവര്‍പൂള്‍ മുന്നേറിയത്. കൊറോണ കാരണം ടീമിലെ പ്രധാന താരങ്ങള്‍ എല്ലാം പുറത്തായതിനാല്‍ യുവതാരങ്ങളെ അണിനിരത്തിയാണ് വില്ല പാര്‍ക്കില്‍ ആസ്റ്റണ്‍ വില്ല ഇറങ്ങിയത്. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ വിജയം.
പരാജയം വലിയ മാര്‍ജിനില്‍ ആണെങ്കിലും യുവതാരങ്ങള്‍ ലിവര്‍പൂളിന്റെ വന്‍ താരങ്ങള്‍ക്ക് എതിരെ നടത്തിയ പ്രകടനത്തില്‍ അവര്‍ക്ക് അഭിമാനിക്കാം. ഇന്നലെ മത്സരം ആരംഭിച്ച് നാലാം മിനുട്ടില്‍ തന്നെ ലിവര്‍പൂള്‍ ലീഡ് എടുത്തു. മാനെ ആയിരുന്നു ഗോള്‍ നേടിയത്. ഇതിന് 41ആം മിനുട്ടില്‍ മറുപടി നല്കാന് ആസ്റ്റണ്‍ വിലക്ക് ആയി. 17കാരനായ ലൂയി ബാരി ആയിരുന്നു വില്ലക്ക് സമനില നല്‍കിയത്.
രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ കൂടുതല്‍ അറ്റാക്കിലേക്ക് നീങ്ങി. 60ആം മിനുട്ടില്‍ വൈനാള്ഡത്തിലൂടെ ലിവര്‍പൂള്‍ ലീഡ് തിരികെ പിടിച്ചു. 63ആം മിനുട്ടില്‍ മാനെയും 65ആം മിനുട്ടില്‍ സലായും കൂടെ ഗോള്‍ നേടിയതോടെ ആസ്റ്റണ്‍ വില്ല പോരാട്ടം അവസാനിച്ചു. അവസാന രണ്ടു ഗോളുകള്‍ക്കും അസിസ്റ്റ് ഒരുക്കിയത് ഷഖീരി ആയിരുന്നു