വാഷിങ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കാന്‍ വിസമ്മതിച്ച് അനുയായികള്‍ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ കാപിറ്റല്‍ ഹില്‍ ബില്‍ഡിങ്ങില്‍ നടത്തിയ ഭീകരാക്രമണത്തില്‍ മരണം അഞ്ചായി. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരനാണ് മരിച്ചത്. രണ്ട് സ്ത്രീകളടക്കം നാലുപേര്‍ ഇന്നലെ മരിച്ചിരുന്നു.
അക്രമങ്ങള്‍ അഴിച്ചുവിട്ട നൂറോളം േപരെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. തീവ്രവലതുപക്ഷ സംഘടനകളായ പ്രൗഡ് ബോയിസ് ക്യുവനോനിന്റെ അംഗങ്ങളാണ് ഇവരില്‍ ഭൂരിപക്ഷവും. കൂടുതല്‍ അക്രമികളെ കണ്ടെത്താന്‍ എഫ്.ബി.ഐ തിരച്ചില്‍ ഊര്‍ജിതമാക്കി. അക്രമികളെ പിടികൂടുന്നതിന് ഉതകുന്ന ഡിജിറ്റല്‍ വിവരങ്ങള്‍ കൈമാറാന്‍ ജനങ്ങളോട് അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടു.
അതിനിടെ, സുരക്ഷാവീഴ്ച ഉണ്ടായെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ കാപിറ്റല്‍ ഹില്‍ പൊലീസ് മേധാവി രാജിവെച്ചു.
കാപിറ്റല്‍ ഹില്‍ ബില്‍ഡിങ്ങിലെ അക്രമസംഭവങ്ങളെ തുടര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വൈറ്റ് ഹൗസില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലാത്ത ട്രംപിനെ അമേരിക്കന്‍ ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം നീക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് സ്പീക്കര്‍ ആവശ്യപ്പെട്ടു. അല്ലത്താപക്ഷം ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ ജനപ്രതിനിധി സഭ തയാറാണെന്ന് നാന്‍സി പെലോസി വ്യക്തമാക്കി. സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമറും മുതിര്‍ന്ന റിപ്പബ്ലിക്കന്‍ നേതാക്കളും ട്രംപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.