കേരളം താലോലിച്ച ‘പഞ്ചരത്‌ന’ങ്ങളില്‍ മൂന്നുപേര്‍ ഇന്ന് വിവാഹിതരാകും. രാവിലെ 7.45-നും 8.30-നും മധ്യേ ഗുരുവായൂരിലാണ് താലികെട്ട്. ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടക്കുന്നത്. ഇവരുടെ സഹോദരി ഉത്രജയുടെ വരന്‍ വിദേശത്തായതിനാല്‍ കല്യാണം പിന്നീടാണ് നടക്കുക. നാലുപേരുടെയും ഏക ആങ്ങള ഉത്രജന്‍ കാരണവരുടെ സ്ഥാനത്തുനിന്ന് ചടങ്ങ് നടത്തിക്കൊടുക്കും. ഒറ്റപ്രസവത്തില്‍ ജനിച്ചവരാണ് ഈ അഞ്ചു മക്കളും.

ഫാഷന്‍ ഡിസൈനറായ ഉത്രയെ മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി അജിത് കുമാറാണ് മിന്നുകെട്ടുന്നത്. മാധ്യമരംഗത്തുള്ള ഉത്തരയെ മാധ്യമപ്രവര്‍ത്തകന്‍ തന്നെയായ കോഴിക്കോട് സ്വദേശി കെ.ബി. മഹേഷ് കുമാറാണ് വിവാഹം ചെയ്യുന്നത്.
അനസ്തീഷ്യ ടെക്നീഷ്യന്‍ ഉത്തമയെ മസ്‌കറ്റില്‍ അക്കൗണ്ടന്റായ ജി. വിനീത് താലികെട്ടും. കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യ ടെക്നീഷ്യന്‍ ഉത്രജയുടെ വരന്‍ പത്തനംതിട്ട സ്വദേശി ആകാശ് കുവൈത്തില്‍ അനസ്തീഷ്യ ടെക്നീഷ്യന്‍ തന്നെയാണ്.

പെണ്‍മക്കളില്‍ നാലുപേരുടെയും വിവാഹം ഒന്നിച്ചു നടത്താനായിരുന്നു ആഗ്രഹിച്ചത്. ആകാശിന് നാട്ടിലെത്താന്‍ കഴിയാത്തതുകാരണം അവരുടെ വിവാഹം മാത്രം നീട്ടിവയ്ക്കേണ്ടിവന്നു.തിരുവനന്തപുരം പോത്തന്‍കോട് പ്രേംകുമാര്‍-രമാദേവി ദമ്പതിമാര്‍ക്ക് 1995 നവംബര്‍ 18-നാണ് അഞ്ചുപേരും ജനിച്ചത്. ഇവര്‍ കുട്ടികളായിരിക്കെ പ്രേംകുമാര്‍ മരിച്ചു. തുടര്‍ന്ന് വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് രമാദേവി അഞ്ചുപേരെയും വളര്‍ത്തി വലുതാക്കിയത്.